കോട്ടയം: കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് അറുപതിനായിരത്തിനും എൺപതിനായിരത്തിനും ഇടയ്ക്കുള്ള ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ, പിറവം, ഏറ്റുമാനൂർ തുടങ്ങിയ ആറ് അസംബ്ലി മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം കരസ്ഥമാക്കുമെന്ന് നേതൃയോഗം വിലയിരുത്തി. വൈക്കം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നേരിയ ഭൂരിപക്ഷം നേടും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ, യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, മുൻ മന്ത്രി കെ.സി ജോസഫ്, മാണി സി.കാപ്പൻ എം.എൽ.എ, അഡ്വ. ജോയ് എബ്രഹാം, അഡ്വ. ടോമി കല്ലാനി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ജെ ആഗസ്തി, കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യുസ് തുടങ്ങിയവർ പ്രസംഗിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് നന്ദി പറഞ്ഞു.