പാലാ: കടനാട് ഗ്രാമപഞ്ചായത്തിലെ തുമ്പിമലയിൽ പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സമീപവാസിയായ തടത്തിൽ രവിയാണ് പുലിയെ കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. തുമ്പിമലയിലെ നാല്പത് ഏക്കറോളം വരുന്ന കാട് നിറഞ്ഞ ജനവാസമില്ലാത്ത സ്ഥലത്തുകൂടി നടന്നുവരുമ്പോഴാണ് രവി പുലിയെ കണ്ടത്. ഇവിടെയുള്ള മൊബൈൽ ടവറിന് സമീപം പാറപ്പുറത്തുനിന്ന് എന്തോ ചാടുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ വാലുയർത്തി നിൽക്കുന്ന പുലിയെയാണ് കണ്ടതെന്ന് രവി പറയുന്നു. പിൻവശമാണ് കണ്ടത്. തന്റെ കാൽപെരുമാറ്റം കേട്ടതോടെ കാട്ടിലേക്ക് പുലി ചാടിയെന്നാണ് രവി പറയുന്നത്. ഭയന്നുപോയ ഇയാൾ അവിടെനിന്നും ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് വിവരം കടനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ഉഷാ രാജുവിനെ അറിയിച്ചു. ഇക്കാര്യം മെമ്പർ ഫോറസ്റ്റ് അധികാരികളെയും രാമപുരം, മേലുകാവ് പൊലീസ് അധികാരികളെയും അറിയിച്ചു. ഫോറസ്റ്റ് അധികൃതർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്താമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മെമ്പർ ഉഷാ രാജു പറഞ്ഞു.