പാലാ: കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ആറാമത് എൻ.എച്ച്.അൻവർ മാധ്യമ പുരസ്‌കാരത്തിന് (മികച്ച റിപ്പോർട്ടർ കേബിൾ ടി.വി. ചാനൽ) ദൃശ്യ ടി.വി. ന്യൂസ് എഡിറ്റർ ജോജു ജോസഫ് അർഹനായി. ''ജീവിതം നൂൽപാലത്തിലൂടെ'' എന്ന റിപ്പോർട്ടിനാണ് അവാർഡ്. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഏഷ്യനെറ്റ് ന്യൂസ് ചീഫ് എഡിറ്ററായിരുന്ന എം.ജി. രാധാകൃഷ്ണന് ലഭിച്ചു.

കാൽ നൂറ്റാണ്ടായി ദൃശ്യമാധ്യമ രംഗത്ത് സജീവ സാന്നിധ്യമായ ജോജു ജോസഫ് 1999 മുതൽ 2014 വരെ സൂര്യ ടിവി ന്യൂസ് ഡെസ്‌കിൽ പ്രവർത്തിച്ചു. പിന്നീട് ജീവൻ ടിവി യിൽ ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ചു. മംഗളം ടെലിവിഷൻ ചാനലിൽ ന്യൂസ് എഡിറ്റർ ആയിരുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയിൽ മീഡിയ നെറ്റ് ചാനലിൽ പ്രവർത്തിച്ചിരുന്ന ജോജു ജോസഫ് കഴിഞ്ഞ നാലുവർഷമായി കെസിസിഡിഎല്ലിന്റെ ദൃശ്യ ന്യൂസ് ചാനലിന്റെ ന്യൂസ് എഡിറ്ററാണ്. നിരവധി വാർത്താധിഷ്ഠിത പരിപാടികളുടെ നിർമാതാവ് കൂടിയാണ്. മുണ്ടക്കയം ഏന്തയാർ സ്വദേശിയാണ്.

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ ജൂനിയർ ക്ലർക്ക് മഞ്ജു തോമസാണ് ഭാര്യ. ജോ ജോജു, മോസ് ജോജു, ലേവി ജോജു എന്നിവരാണ് മക്കൾ.