പാലാ: ആരുടെയും കുറ്റമല്ല, പക്ഷേ ഒരു ജീവൻ പൊലിഞ്ഞു. ഇനി അങ്ങനെയൊന്ന് ആവർത്തിക്കരുത്. പാലാ ടൗൺ ബസ് സ്റ്റാന്റിലെ കെണിയായ കൽക്കുറ്റി എന്തുവന്നാലും പൊളിച്ചുനീക്കും. ടൗൺ ബസ് സ്റ്റാന്റിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ആണയിട്ട് പറയുകയാണ് പാലാ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ. പാലാ ടൗൺ ബസ് സ്റ്റാന്റിൽ യാത്രക്കാരനായ ഓട്ടോ ഡ്രൈവർ വിനോദിന്റെ മരണത്തിന് ഇടയാക്കിയ കൽകുറ്റിയിൽ തട്ടി വീണ് മുമ്പും പലർക്കും പരിക്കേറ്റിരുന്നു. ബസുകൾ ബസ് സ്റ്റാന്റ് മന്ദിരത്തിൽ തട്ടാതിരിക്കാനും അത്രമേൽ ചേർന്ന് വരാതിരിക്കാനും പതിറ്റാണ്ടുകൾക്ക് മുമ്പാണ് ബസ് സ്റ്റാന്റിന്റെ അഞ്ച് വശങ്ങളിലും വാർക്കകുറ്റികൾ നാട്ടിയത്. ഇതിൽ ഒന്നിൽ തട്ടി ബസ് സ്റ്റാന്റിലേക്ക് എടുത്തടിച്ച് വീണ ഓട്ടോ ഡ്രൈവർ വിനോദിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയാണ് ദാരുണമായ അപകടമുണ്ടായത്. കൽക്കുറ്റിയിൽ തട്ടിവീണ് ബസിനടയിൽപ്പെട്ട് ഒരാൾ മരിക്കുന്നത് ആദ്യസംഭവമാണെങ്കിലും നിത്യവും ബസ് സ്റ്റാന്റിലെ കൽക്കുറ്റികളിൽ കാൽതട്ടി വീണ് യാത്രക്കാരുടെ എണ്ണം ഏറുകയാണ്. രണ്ടാഴ്ച മുമ്പ് രാമപുരം ബസുകൾ നിർത്തുന്ന ഭാഗത്തുള്ള കൽക്കുറ്റിയിൽ തട്ടിവീണ് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു.
പരാതികളുടെ കെട്ടഴിച്ച് യാത്രക്കാർ
അപകടത്തെ തുടർന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ ഇന്നലെ സ്ഥലം സന്ദർശിച്ചു. കൽക്കുറ്റികൾ എത്രയുംവേഗം പിഴുത് മാറ്റണമെന്ന് യാത്രക്കാരും വ്യാപാരികളും ഒരേസ്വരത്തിൽ ചെയർമാനോട് ആവശ്യപ്പെടുകയായിരുന്നു. നാളെ 11ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.
സുനിൽ പാലാ
ഫോട്ടോ അടിക്കുറിപ്പ്
1. പാലാ ടൗൺ ബസ് സ്റ്റാന്റിൽ യാത്രക്കാരനായ ഓട്ടോ ഡ്രൈവർ വിനോദ് കാൽതട്ടി വീണ കൽക്കുറ്റി