maniamalayar

മുണ്ടക്കയം: വരൾച്ചയുടെ കാഠിന്യത്താൽ മണിമലയാർ വറ്റിവരണ്ടു. ഒഴുക്ക് നിലച്ചതോടെ കുഴികളിലും കയങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം മലിനമായി. ഇതോടെ മേഖല പകർച്ചവ്യാധി ഭീഷണിയിലുമായി.

കാലങ്ങളായി മണിമലയാറിനെ മലീമസമാക്കുന്നത് ബസ് സ്റ്റാൻഡിലെ പൊതുശൗചാലയത്തിൽനിന്നുള്ള മലിന ജലവും ടൗണിലെ വിവിധ കച്ചവടസ്ഥാപനങ്ങളിലെ ശൗചാലയങ്ങളിൽനിന്നും മറ്റുമുള്ള മലിനജലവുമാണ്. ഇവയെല്ലാം ഓടയിലൂടെ ഒഴുകി എത്തുന്നത് കോസ് വേ പാലത്തിനടുത്ത് മണിമലയാറ്റിലേക്കാണ്. ഈ മാലിന്യം ഒഴുകലിനെതിരേ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശാശ്വതമായ പരിഹാരം ഇനിയുമായിട്ടില്ല. ഇവിടെനിന്ന് ഒഴുകിയെത്തിയ മലിനജലം ഒഴുക്കുനിലച്ച ആറ്റിലേക്കെത്തുന്നു. ഇതാവട്ടെ കറുത്ത നിറത്തിൽ കെട്ടിക്കിടക്കുകയാണ്. ദുർഗന്ധവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകുകൾ പെറ്റുപെരുകുന്നു.
ടൗണിൽനിന്ന് 150 മീറ്റർ ഒഴുകിയാണ് മലിനജലം കോസ്‌വേ പാലത്തിന് സമീപം ആറ്റിൽ പതിക്കുന്നത്. ഇവിടെനിന്ന് 50 മീറ്റർ ദൂരെ മാറിയുള്ള ജല അതോറിറ്റിയുടെ കിണറ്റിൽനിന്നാണ് ടൗണിലടക്കം ശുദ്ധജലം എത്തിക്കുന്നത്.

മണിമലയാർ സംരക്ഷണ പദ്ധതി എന്ന പേരിൽ വളരെ വിപുലമായ പ്രവർത്തനങ്ങൾ മുണ്ടക്കയം കേന്ദ്രീകരിച്ച് നടന്നെങ്കിലും ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നില്ല. വിശദപദ്ധതിരേഖയ്ക് ശുചിത്വമിഷന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ പൊതുശൗചാലയത്തിന് സമീപം ഒരുകോടി രൂപ ചെലവിൽ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് പറഞ്ഞു. ശുചിത്വമിഷൻ അനുവദിച്ച 70 ലക്ഷം രൂപയ്ക്ക് പുറമേ ഗ്രാമപഞ്ചായത്തിന്റെ 30 ലക്ഷംരൂപ കൂടി വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു.