ചങ്ങനാശേരി: അപ്പർ കുട്ടനാടൻ മേഖലയിലേക്ക് കടക്കുന്ന പറാൽ -കുമരങ്കരി റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. പ്രകൃതി ഭംഗി ആസ്വദിക്കാൻ വൈകുന്നേരങ്ങളിൽ ഈ പ്രദേശങ്ങളിലൂടെ ആളുകൾ സഞ്ചരിക്കാറുണ്ട്. ചങ്ങനാശേരി നഗരസഭയുടെ 32-ാം വാർഡിലൂടെയാണ് പറാൽ -കുമരങ്കരി റോഡ് കടന്നുപോകുന്നത്. ഈ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം (പ്ലാസ്റ്റിക് ഉൾപ്പെടെ ) ഇവിടെ കൊണ്ടു വന്നു തള്ളുന്നതായി പ്രദേശവാസികൾ പറഞ്ഞു. സ്വാധീനം ഉപയോഗിച്ച് ഇവർക്കെതിരെ കേസ് എടുക്കാതെ വിട്ടയക്കുകയാണ് പതിവ്. ബോട്ട് ജെട്ടി വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകൾ ഇല്ലാത്ത സ്ഥലം നോക്കിയാണ് മാലിന്യം തള്ളൽ. മേഖലയിൽ പക്ഷിപ്പനി ഉൾപ്പെടെ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മാലിന്യം ഇവിടെ കുമിഞ്ഞു കൂടിയിരിക്കുന്നത്. ആരാധനാലയങ്ങളും, സ്കൂളുകളുമെല്ലാം ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. അറവു ശാലകളിൽ നിന്നുള്ള മാലിന്യവും ഇവിടെ നിക്ഷേപി ക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഈ കാര്യത്തിൽ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. അപ്പർ കുട്ടനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ വരുന്നവർക്ക് നാലുമണിക്കാറ്റ് ഉൾപ്പെടെ ഉള്ള സൗകര്യങ്ങൾ മുൻ എം.എൽ.എയുടെ നടക്കാതെ പോയ പദ്ധതികളാണ്.
തെരുവ് നായ്ക്കളും
ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായി. മാലിന്യ നിക്ഷേപമാണ് ഇതിന്റെ പ്രധാന കാരണം. മോഡേൺ നായ്ക്കളെ വീടുകളിൽ വളർത്താൻ തുടങ്ങിയപ്പോൾ നാടൻ നായകളെ റോഡിലേക്ക് ഇറക്കി വിടുകയാണ്. ഇവ പെറ്റു പെരുകിയാണ് നാട്ടിൽ നായ്ക്കളുടെ ശല്ല്യം രൂക്ഷമായത്.