ഹൗസ്ബോട്ട് മേഖല വലിയ പ്രതിസന്ധിയിൽ

കുമരകം : വേനൽചൂട് കഠിനമായത് കുമരകത്തെ ടൂറിസം മേഖലയുടെ പ്രതീക്ഷകൾക്കായി തീരിച്ചടിയായത്. ആഭ്യന്തര വിനോദ സഞ്ചാരികളെ കാത്തിരുന്ന കുമരകത്തെ ഹൗസ് ബോട്ട് മേഖലയ്ക്കാണ് വലിയ തിരിച്ചടി നേരിട്ടത്. ചൂട് കനത്തതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെ വരവിനെ സാരമായി ബാധിച്ചു. ചൂട് കാരണം പകൽ സമയത്തൊന്നും കായലിലേക്ക് പോകാൻ ആളുകളെത്തുന്നില്ല. ഹൗസ് ബോട്ട് സർവീസ് വൈകിട്ട് ആറ് മണിയോടെ അവസാനിപ്പിക്കണം. വല്ലപ്പോഴും ഒരു ട്രിപ്പ് കിട്ടിയാലായി എന്നതാണ് അവസ്ഥ.

120 ഹൗസ് ബോട്ടുകൾ

120 ഓളം ഹൗസ് ബോട്ടുകളും മറ്റ് വള്ളങ്ങളുമാണ് കുമരകം ബോട്ടുജെട്ടി, കവിണാറ്റിൻകര, ചീപ്പുങ്കൽ , കൈപ്പുഴമുട്ട് എന്നിവിടങ്ങളിലായുള്ളത്.

തൊഴിലാളികളുടെ പ്രതിസന്ധിയിൽ

കുമരകത്തെ വിനോദസഞ്ചാരമേഖലയുടെ ജീവനാഡിയാണ് ഹൗസ് ബോട്ടുകൾ. ടൂറിസ്റ്റുകൾ കുറഞ്ഞതോടെ ഹൗസ്ബോട്ട് മേഖലയിൽ പണിയെടുക്കുന്ന 600 ലേറെ തൊഴിലാളികളുടെ വരുമാനവും നിലച്ചു. ജൂണിൽ ആരംഭിക്കുന്ന വള്ലംകളി സീസണാണ് ഇനി കുമരകത്തെ ടൂറിസം മേഖലയുടെ ഏക പ്രതീക്ഷ. അവിടെയും കാലാവസ്ഥ വില്ലനായാൽ കുമരകത്തിന് അത് വലിയ തിരിച്ചടിയാകും.

മദ്ധ്യവേനൽ അവധിക്കാലത്ത് കായൽ സവാരിയ്ക്കായി വലിയ തിരക്ക് ഉണ്ടാകാറുണ്ട്. ഈ വർഷം അത് പാതിയായി കുറഞ്ഞു. കായൽ ഭാഗത്തേയ്ക്ക് ഇറങ്ങാനാവാത്തവിധം അസഹ്യമായ ചൂട് അനുഭവപ്പെടുന്നുണ്ട്. റിസോർട്ട്സ് , ഹോം സ്റ്റേകൾ , വഞ്ചി വീടുകൾ അടക്കം സഞ്ചാരികൾ ഒഴിഞ്ഞ അവസ്ഥയിലാണ്. _ ഷനോജ് ഇന്ദ്രപ്രസ്ഥം, ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് .