ഏഴാച്ചേരിയിൽ റോഡരികിലെ ഉണങ്ങിയ മരം വെട്ടാൻ നടപടിയില്ല
പാലാ: ഈ കൂറ്റൻ മരം ഒടിഞ്ഞുവീണ് അപകടമുണ്ടായിട്ട് വേണോ ഇനി തുടർനടപടി സ്വീകരിക്കാൻ...? പരാതി ഉയർന്നിട്ടും മരം എന്ന് വെട്ടുമെന്ന് കാര്യത്തിൽ ആർക്കും ഉത്തരമില്ല. പാലാ-രാമപുരം മെയിൻ റോഡിൽ ഏഴച്ചേരി ജി.വി.യു.പി സ്‌കൂളിന് മുന്നിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ ആഞ്ഞിലി മരത്തിന് ഒന്നര വർഷം മുമ്പ് ഇടിവെട്ട് ഏറ്റതാണ്. തുടർന്ന് മരത്തിന്റെ ഇലകൾ കൊഴിഞ്ഞ് ശിഖിരങ്ങൾ ഉണങ്ങി അല്പാല്പമായി ഒടിഞ്ഞുവീഴാൻ തുടങ്ങി. സ്‌കൂൾ അധികാരികളും യാത്രക്കാരും പരിസരവാസികളും പലതവണ രാമപുരം പഞ്ചായത്ത്,റവന്യു,വനംവകുപ്പ് അധികാരികളെ വിവരമറിയിച്ചെങ്കിലും ഇപ്പോഴും മരം ഉണങ്ങിയങ്ങനെ നിൽക്കുകയാണ്. ഇതിനിടയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയത് മിച്ചം.
വീണാൽ വലിയ ദുരന്തം
കെ.എസ്.ഇ.ബി.യുടെ ത്രീഫേസ് ലൈൻ കടന്നുപോകുന്നത് ഈ ആഞ്ഞിലി മരത്തിന് തൊട്ടുതാഴെയാണ്. മരം ഒടിഞ്ഞുവീണാൽ വൈദ്യുതി ലൈനുകളും പോസ്റ്റും തകർന്നുവീഴുമെന്നുറപ്പ്. മാത്രമല്ല ഈ ഭാഗത്തെ ബസ് സ്റ്റോപ്പും കാത്തിരിപ്പ് കേന്ദ്രവും മരത്തോട് ചേർന്നാണ്. തൊട്ടെതിർവശത്ത് ഏഴച്ചേരി ജി.വി.യു.പി. സ്‌കൂളാണ്. അടുത്തമാസം സ്‌കൂൾ തുറക്കുന്നതോടെ അപകടസാധ്യത ഇരട്ടിയാകും.
കാറ്റ് വീശിയാൽ ഭയമാണ്
വേനൽമഴയും കാറ്റും വരുന്നതോടെ ഇതുവഴിയുള്ള യാത്രക്കാരും പരിസരവാസികളും ഭീതിയിലാകും. ചുവടുമുതൽ ഉണങ്ങി നിൽക്കുന്ന മരം ഏത് നിമിഷവും നിലംപൊത്താം.
റോഡരികിൽ ഉണങ്ങിനിൽക്കുന്ന കൂറ്റൻ ആഞ്ഞിലിമരം അപകടഭീതി സൃഷ്ടിക്കുന്നതിനാൽ മുറിച്ചുനീക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണം ആർ.ജയചന്ദ്രൻ നായർ വരകപ്പള്ളിൽ (ഏഴച്ചേരി ജി.വി. യു.പി. സ്‌കൂൾ മാനേജർ)