പൊൻകുന്നം: അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം പാലാ റോഡിന്റെ വശങ്ങൾ കയ്യേറി അനധികൃത കടകൾ പെരുകുന്നു. പാതയുടെ പ്രധാന ജംഗ്ഷനുകളിലെല്ലാം വീതിയേറിയ ഭാഗങ്ങളിൽ കടകൾ കെട്ടിയതോടെ വാഹനങ്ങൾ ഒതുക്കുന്നതിനോ വഴിയാത്രക്കാർക്ക് സുഗമമായി നടക്കുന്നതിനോ സ്ഥലമില്ല. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. അടുത്തകാലത്ത് ഒന്നാംമൈലിലും എലിക്കുളത്തും കുരുവിക്കൂട്ടും കടകളിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറി ആൾക്കാർക്ക് പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുമ്പായിരുന്നു എലിക്കുളത്തെ അപകടം. റോഡ് പുറമ്പോക്കിൽ കെട്ടിയുണ്ടാക്കിയ ബജിക്കടയിലേക്ക് കാർ ഇടിച്ചുകയറി തൊട്ടുപിന്നിലുള്ള വീട്ടുമുറ്റത്ത് ഇടിച്ച് നിൽക്കുകയായിരുന്നു. കട നടത്തുന്ന ഉഷാ ചന്ദ്രന് ഗുരുതരമായി പരിക്കേറ്റിരുന്നു.
പൊൻകുന്നം ഒന്നാംമൈൽ മുതൽ പൈക ഏഴാംമൈൽ വരെ നിരവധി താത്ക്കാലിക കടകളാണ് റോഡ് പുറമ്പോക്ക് കയ്യേറി നിർമ്മിച്ചത്. ചായക്കട, ബജിക്കട, പഴക്കട, മീൻകട, കരിക്ക് തുടങ്ങി പലവിധ കച്ചവടക്കാരാണ് റോഡ് കയ്യടക്കിയത്. ഇതുകൂടാതെ വാഹനങ്ങളിലെത്തുന്ന കച്ചവടക്കാരുമുണ്ട്. മിക്ക കടകളിലും നല്ല കച്ചവടമാണ് നടക്കുന്നത്. ഇത്തരം കടകളുടെ പരിസരങ്ങളിൽ വാഹനങ്ങൾ കൂട്ടത്തോടെ നിർത്തിയിടുന്നതും അപകടകരമാകുന്നുണ്ട്. ചില കടകൾ നഷ്ടത്തിലായി പൂട്ടിപ്പോകാറുമുണ്ട്. ഇങ്ങനെ പൂട്ടിപ്പോകുന്ന കടകൾ പൊളിച്ചുനീക്കാതെ അതേപടി നിലനിർത്തിയിട്ടാണ് നടത്തിപ്പുകാർ ഉപേക്ഷിച്ച് പോകുന്നത്. ഇങ്ങനെ ഇടിഞ്ഞുവീഴാറായ കടകളും വഴിയോരത്ത് കാണാം. പുറമ്പോക്ക് ഭൂമി പൊതുമരാമത്ത് വകുപ്പിന്റേതാണ്. അനധികൃത കടകൾക്കെതിരെ നടപടി എടുക്കേണ്ട വകുപ്പധികൃതർ മൗനത്തിലാണ്. എലിക്കുളം പഞ്ചായത്തിലേക്ക് കുടുവെള്ളമെത്തിക്കുന്നതിന് പൊൻകുന്നം മുതൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചുവരുന്ന ജോലികൾക്കും അനധികൃതകടകൾ തടസമാകുന്നു. വഴിയോരത്ത് വെച്ചുപിടിപ്പിച്ച തണൽമരങ്ങളും ഇവർ നശിപ്പിക്കുന്നതായി പരാതി ഉയരുന്നുണ്ട്.