മുണ്ടക്കയം: കൈവശ കൃഷിക്കാരുടെ പട്ടയ ലഭ്യതയ്ക്കുവേണ്ടി എരുമേലി വടക്ക് വില്ലേജ് ഓഫീസിനോട് ചേർന്നു തുറന്ന സ്പെഷൽ തഹസിൽദാർ ഓഫീസ് മുണ്ടക്കയം പുത്തൻചന്തയിലേക്ക് മാറ്റി പ്രവർത്തനം പുനരാരംഭിക്കുമെന്നും ഒരു വർഷ ത്തിനകം പട്ടയം വിതരണം ചെയ്യുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇതിന്റെ ഭാഗമായി എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുത്തൻചന്തയിലെ ഓഫീസ് കെട്ടിടത്തിൽ സന്ദർശനം നടത്തി സൗകര്യങ്ങൾ വിലയിരുത്തി. എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട്, മുണ്ടക്കയം വില്ലേജുകളിലായി അപേക്ഷ നൽകിയ ഏകദേശം പതിനായിരത്തോളം ചെറുകിട കർഷകർക്കാണ് പട്ടയം ലഭിക്കാനുള്ളത്. പട്ടയ നടപടികൾക്ക് മാത്രമായി സംസ്ഥാന സർക്കാർ ഒരു സ്പെഷൽ തഹസിൽദാർ ഓഫീസ് അനുവദിച്ചത് എരുമേലി വടക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം നിർത്തിയ പഴയ കെട്ടിടത്തിലായിരുന്നു. എന്നാൽ, ഇവിടെ സൗകര്യങ്ങൾ പരിമിതമായതിനാൽ ഓഫീസിന്റെ പ്രവർത്തനത്തിന് പ്രതികൂലമായി.
ഒരു തഹസിൽദാർ, രണ്ട് ഡെപ്യൂട്ടി തഹസിൽദാർമാർ, ആറ് സർവെയർമാർ ഉൾപ്പെടെ 17 പുതിയ തസ്തികകളും അനുവദിച്ചിരുന്നു. ഇത്രയും പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യം മുൻനിർത്തിയാണ് ഓഫീസ് മാറ്റാൻ തീരുമാനിച്ചത്. പുത്തൻചന്തയിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച കെട്ടിടത്തിലേക്കാണ് ഓഫീസ് മാറ്റി സ്ഥാപിക്കുക. പട്ടയം ലഭിക്കുന്നതിന് വനംവകുപ്പുമായും മറ്റും ബന്ധപ്പെട്ടുണ്ടായിരുന്ന നിയമ തടസങ്ങൾ എല്ലാം പരിഹരിച്ച് ഇപ്പോൾ പട്ടയം നൽകുന്നതിനുള്ള നടപടികൾക്ക് സജ്ജമായിരിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. അർഹതപ്പെട്ട മുഴുവൻ കൈവശ ഭൂമിക്കാർക്കും ഒരു വർഷത്തിനുള്ളിൽ പട്ടയം നൽകുകയാണ് ലക്ഷ്യം.
പുഞ്ചവയൽ, 504 കോളനി, കുഴിമാവ്, കോസടി, മുരിക്കുംവയൽ, കരിനിലം, പുലിക്കുന്ന്, കാരിശേരി, പാക്കാനം, എലിവാലിക്കര, തുമരംപാറ, ഇരുമ്പൂന്നിക്കര പ്രദേശങ്ങളിലെ കർഷകരാണ് അപേക്ഷ നൽകി പട്ടയത്തിനായി കാത്തിരിക്കുന്നത്.