കുറവിലങ്ങാട്: നാടിനെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാൽ ദുരന്തത്തിന് ഇന്ന് 48 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മേയ് 8 ന് ആയിരുന്നു.

ഇവർക്കുവേണ്ടിയുള്ള പ്രത്യേക അനുസ്മരണ ശുശ്രൂഷകൾ ഇന്ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം തീർത്ഥാടന ദേവാലയത്തിൽ നടക്കും. രാവിലെ 7.30ന് വിശുദ്ധ കുർബാനയും തുടർന്ന് പുന:രുത്ഥാന പൂന്തോട്ടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടത്തും. തുടർന്ന് സെഹിയോൻ ഹാളിൽ അനുസ്മരണ സമ്മേളനം.
ആർച്ച് പ്രീസ്റ്റ് ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുസ്മരണ പ്രഭാഷണം നടത്തും.
പാലാ രൂപതയിലെ മികച്ച വിശ്വാസപരിശീലകനുള്ള അവാർഡും ഫൊറോനയിലെ വിശ്വാസപരിശീലകരുടെ മക്കൾക്കുള്ള എസ്.എസ്.എൽ.സി കാഷ് അവാർഡുകളൂം സമ്മാനിക്കും.
1976 മേയ് 7 ന് കുറവിലങ്ങാട് ഇടവകയിലെ വിശ്വാസ പരിശീലകരായ 43 അദ്ധ്യാപകരും 3 വൈദികരും ഒരു വൈദിക വിദ്യാർത്ഥിയും രണ്ട് ബസ് ജീവനക്കാരും ഉൾപ്പെട്ട 49 അംഗ സംഘം ആണ് അപകടത്തിൽപ്പെട്ടത്. സംഘം യാത്ര പുറപ്പെട്ട് തേക്കടി, മധുര മുതലായ സ്ഥലങ്ങൾ സന്ദർശിച്ച് പിറ്റേന്ന് ഉച്ചകഴിഞ്ഞ് കൊടൈക്കനാലെത്തി. അവിടുത്തെ കാഴ്ചകൾ കണ്ട് നാട്ടിലേക്ക് തിരിച്ചു വരുംവഴി ഡംഡം പാറ എന്ന സ്ഥലത്തുവച്ച് ബസ് 600 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു.
റോഡരികിലെ മതിൽ ഇടിച്ചുതകർത്ത ബസ് തലകുത്തനെ കൊക്കയിലേക്ക് മറിഞ്ഞു. വൈകുന്നേരം അഞ്ചരയോടെ അപകടത്തിൽപ്പെട്ടവരെ റോഡിലെത്തിച്ചപ്പോൾ രാത്രി 11 കഴിഞ്ഞിരുന്നു. തൂക്കായ പാറക്കെട്ടുകൾക്കിടയിൽ വീണ് എല്ലാവർക്കും ദേഹമാസകലം ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ട് വൈദികരും, 16 സൺഡേ സ്‌കൂൾ അദ്ധ്യാപകരും അപകടത്തിൽ മരിച്ചു.
ഫാ. പോൾ ആലപ്പാട്ട്, ഫാ. മാത്യു പട്ടരുമഠം, വി.കെ.ഐസക് വാക്കയിൽ, കെ.എം.ജേക്കബ് കാരാംവേലിൽ, എം.എം.ജോൺ കൂഴാമ്പാല, എം.എം. ജോസഫ് കൂഴാമ്പാല, കെ.എം.ജോസഫ് കൊച്ചുപുരയ്ക്കൽ, ടി.എം.ലൂക്കോസ് താന്നിക്കപ്പുഴ, കെ.ഡി. ജോർജ് കൂനംമാക്കീൽ, കെ.ഡി. വർക്കി കൊള്ളിമാക്കിയിൽ, സി.കെ.വർക്കി ചിറ്റംവേലിൽ, പി.എം.ജോസഫ് പുന്നത്താനത്ത്, ടി.ഒ. മാത്യു തേക്കുങ്കൽ, സെബാസ്റ്റ്യൻ ചിങ്ങംതോട്ട്, കെ.എം. കുര്യൻ കരോട്ടെകുന്നേൽ, വർക്കി മുതുകുളത്തേൽ, ദേവസ്യ പൊറ്റമ്മേൽ, ജോസഫ് പുല്ലംകുന്നേൽ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
കുറവിലങ്ങാട് പള്ളിയിലെ പുനരുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കൊടൈക്കനാലിൽ പൊലിഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചിട്ടുള്ളത്‌.