പാലാ: പാലാ രൂപതയുടെ സാമൂഹിക പ്രവർത്തന സംഘടനയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ 60ാം വാർഷികം വജ്ര ജൂബിലി സമ്മേളനമായി 10 ന് നടക്കും. ളാലം സെന്റ് മേരീസ് പള്ളിയുടെ പാരീഷ്ഹാളിൽ ഉച്ചയ്ക്ക് 1.30 ന് പരിപാടികൾക്കു തുടക്കമാകും. 2.30ന് ചേരുന്ന വജ്ര ജൂബിലി സമ്മേളനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും.

അറുപതാം വാർഷികത്തിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്ന അറുപതിന കർമ്മ പരിപാടികളുടെ ഉദ്ഘാടനം ജോസ് കെ മാണി എം.പിയും അറുപത് കാർഷിക സംരംഭകർക്കുള്ള പലിശ രഹിത വായ്പകളുടെ വിതരണോദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എയും നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ, ളാലം പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, പി.എസ്.ഡബ്ല്യു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ തുടങ്ങിയവർ പ്രസംഗിക്കും.

വിവിധ കാർഷിക മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ വ്യക്തികളെയും സംരംഭകരെയും ഇരുപതു വർഷം പൂർത്തിയാക്കിയ പി.എസ്.ഡബ്ല്യു.എസ് സംഘാംഗങ്ങളെയും സമ്മേളനമദ്ധ്യേ ആദരിക്കും. ഉച്ചയ്ക്ക് 1 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 1.30ന് കാർഷിക മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ പ്രദർശനം നബാർഡ് ജില്ലാ മാനേജർ റജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോൺ അദ്ധ്യക്ഷത വഹിക്കും. ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ ആദ്യവിൽപ്പന നിർവഹിക്കും.

പത്രസമ്മേളനത്തിൽ പി.എസ്.ഡബ്ല്യു.എസ് ഭാരവാഹികളായ ഫാ. തോമസ് കിഴക്കേൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഡാന്റീസ് കൂനാനിക്കൽ തുടങ്ങിയവർ പങ്കെടുത്തു.