കരീമഠം : കരീമഠം ഗവ. സ്കൂളിലെ പത്തോളം വിദ്യാർത്ഥികൾ പുതിയ അദ്ധ്യയന വർഷം സ്കൂൾ മാറ്റത്തിന് ഒരുങ്ങുന്നു. സ്കൂളിലേക്ക് എത്തുവാനുള്ള നടപ്പാലം അപകടാവസ്ഥയിൽ ആയിട്ടും അറ്റകുറ്റപ്പണികൾ പോലും നടത്താത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് രക്ഷകർത്താക്കൾ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നത്. കഴിഞ്ഞ മാർച്ച് 11 ന് പാലം കടക്കുന്നതിനിടെ എൽ.കെ.ജി വിദ്യാർത്ഥിയായ ആയുഷ് തോട്ടിൽ വീണിരുന്നു. സ്കൂളിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്ക് എത്തിയ യുവാക്കൾ അവസരോചിതമായി ഇടപെട്ടതുകൊണ്ടാണ് വിദ്യാർത്ഥിയുടെ ജീവൻ തിരിച്ചു കിട്ടിയത്. ഈ അപകടത്തോടെ പാലത്തെ ആശ്രയിച്ച് സ്കൂളിലേക്ക് എത്തുന്ന ഭാഗത്തുള്ള കുട്ടികളുടെ രക്ഷകർത്താക്കളാണ് തങ്ങളുടെ കുട്ടികൾക്ക് മറ്റു സ്കൂളുകളിൽ ചേരുന്നതിനായി ടി.സി ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന ഇവിടുത്തെ പത്തോളം വീട്ടുകാരുടെ ആശ്രയമാണ് ഈ പാലം. സ്കൂളിൽ ആകെയുള്ള 27 കുട്ടികളിൽ ഇത്രയും കുട്ടികൾ ഒന്നിച്ച് സ്കൂൾ മാറിയാൽ സ്കൂളിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാവും. എൽ.കെ.ജി വിദ്യാർത്ഥി തോട്ടിൽ വീണ സംഭവത്തിനുശേഷം വിദേശ മലയാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ പിരിവെടുത്ത് പാലം പുനർ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും പഞ്ചായത്ത് അധികൃതർ നിസഹകരണം കാട്ടിയത് മൂലം ഒന്നും നടന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.