വൈക്കം: കൃഷിയിടങ്ങളിൽ ഓരുജലം കലരാതിരിക്കാൻ ഇടയാറിലും നാട്ടുതോടുകൾക്ക് കുറുകെയും സ്ഥാപിച്ച ഓരുമുട്ടുകൾ പൊളിച്ചു നീക്കി തുടങ്ങി. വേമ്പനാട്ടുകായലും കരിയാറും തമ്മിൽ ബന്ധിപ്പിക്കുന്ന വൈക്കം തോട്ടുവക്കത്ത് കെ.വി കനാലിനു കുറുകെയുള്ള ഓരുമുട്ടാണ് ആദ്യം പൊളിച്ചു നീക്കിയത്.
വടയാർ വാഴമന മുട്ടുങ്കലിൽ തലയോലപ്പറമ്പ് ഉദയനാപുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന്റെ കൈവഴിയിൽ സ്ഥാപിച്ച പുത്തൻപാലം ഓരുമുട്ടും ഇന്നലെ പൊളിച്ചു തുടങ്ങി. ഇന്ന് മുട്ട് പൂർണമായി പൊളിച്ചു നീക്കും. അപ്പർ കുട്ടനാട്ടിലെ നെൽകൃഷി വിളവെടുപ്പ് ഏറെക്കുറെ പൂർണമായതോടെയാണ് ഓരുമുട്ടുകൾ തുറക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നത്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറന്ന് ദിവസങ്ങൾക്കകം കരിയാർ സ്പിൽവേ തുറക്കുകയും തുടർന്ന് ഓരുമുട്ടുകൾ തുറന്ന് ഉൾപ്രദേശത്തെ മലിനീകരണമൊഴിവാക്കാൻ ഓരുജലം കയറ്റുന്നതുമായിരുന്നു പതിവ്. നെൽകൃഷി വിളവെടുപ്പ് വൈകിയതിനാൽ കരിയാർ സ്പിൽവേയുടെ ഷട്ടറുകൾ ഇനിയും തുറന്നിട്ടില്ല. ഓരുമുട്ടുകൾ നിശ്ചിത സമയം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ ഉൾപ്രദേശത്തെ ജലാശയങ്ങളിലെ തോടുകളിൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് വെള്ളം കറുത്ത നിറത്തിലായിരുന്നു. ഉദയനാപുരം തലയോലപ്പറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തീർത്ത വടയാർ വാഴമനയിലെ മുട്ട് പൊളിക്കാത്തതിനാൽ ജലം മലിനപ്പെട്ട് പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായി. പുഴയിലെ വെള്ളമാണ് പ്രദേശവാസികൾ കുളിക്കാനും ഗാർഹികേതര ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത്.