വൈക്കം: വേനൽച്ചൂട് വർദ്ധിച്ചതോടെ പാല് കുറഞ്ഞതിനൊപ്പം പശുക്കൾ ചാകുന്നതും ക്ഷീരമേഖലയ്ക്ക് ഭീഷണിയായി. കന്നുകാലികൾ അകിടുവീക്കം ബാധിച്ചു വായിൽ നിന്നു നുരയും പതയും വന്ന് നേരെ നിൽക്കാൻ പറ്റാത്ത സ്ഥിതിയിലായി. രോഗബാധിതരായ കന്നുകാലികളിൽ ചിലത് ചത്തു. 70000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ മുടക്കി വാങ്ങിയ പശുക്കളെ 25,000നും 30,000നുമൊക്കെ വിൽക്കാൻ നിർബന്ധിതരാകുകയാണ് കർഷകർ. രോഗബാധിതരായ കന്നുകാലികൾക്ക് ചികിൽസ നൽകായി മരുന്നു വാങ്ങാനും വൻ തുകയാണ് ചെലവു വരുന്നത്.
ജഴ്‌സി, സിന്ധി ക്രോസ്, എച്ച്എഫ്, ഗീർ ഇനങ്ങളിൽപ്പെട്ട 21 പശുക്കളും എരുമകളുമുണ്ടായിരുന്ന കൊടുതുരുത്തിൽ മാർട്ടിൻ പ്രതിസന്ധി കടുത്തതോടെ പശുക്കളുടെ എണ്ണം 16 ആക്കി ചുരുക്കി. വൻ തുക കൊടുത്തു വാങ്ങിയ മൂന്നു പശുക്കൾ ചൂടുമൂലം ക്ഷീണത്തിലായതോടെ വാങ്ങിയതിന്റെ നാലിലൊന്നു വിലയ്ക്കാണ് മാർട്ടിൻ വിറ്റത്. പ്രതിദിനം 120ലിറ്റർ പാൽ ലഭിച്ചിരുന്നത് 90ലിറ്ററായി കുറഞ്ഞു. തീറ്റ നൽകുന്നതിന്റെ ചെലവും വരുമാനവുമായി തട്ടിക്കുമ്പോൾ ദിനംപ്രതി 1200 രൂപയുടെ നഷ്ടമുള്ളതായി മാർട്ടിൻ പറയുന്നു.
പതിറ്റാണ്ടുകളായി പശുവളർത്തലിൽ വ്യാപൃതയായ മറ്റം തോട്ടുപുറത്ത് ബാബു, പുഷ്പവല്ലി ദമ്പതികൾ കാലാവസ്ഥ വ്യതിയാനത്തോടെ പാൽ ലഭ്യത കുറഞ്ഞതോടെ 16 പശുക്കളുണ്ടായിരുന്നത് 12 ആയി കുറച്ചു. പ്രതിദിനം 80 ലിറ്റർ പാൽ ലഭിച്ചിരുന്നത് 50 ലിറ്ററായി കുറഞ്ഞു. നിലവിലെ പരിപാലന ചെലവ് കണക്കിലെടുക്കുമ്പോൾ ലിറ്ററിന് 80 രൂപയെങ്കിലും ലഭിച്ചാൽമാത്രമേ കർഷകന് ക്ഷീരമേഖലയിൽ തുടരാനാകൂവെന്ന് പുഷ്പവല്ലി പറയുന്നു. കന്നുകാലികൾക്കുള്ള തീറ്റയും അനുബന്ധ സാമഗ്രികളും സബ്‌സിഡി നിരക്കിൽ നൽകാൻ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകി കർഷകർക്ക് പിൻബലമേകിയില്ലെങ്കിൽ കന്നുകാലി പരിപാലനം ഗ്രാമീണ മേഖലയിലെ ഒരു ഓർമ്മ ചിത്രമാകുന്ന കാലം വിദൂരമല്ലെന്ന് മാർട്ടിനും പുഷ്പവല്ലിയും പറയുന്നു.
ക്ഷീര കർഷകർക്ക് പുറമേ ക്ഷീര സംഘങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വൈക്കത്തെ മികച്ച ക്ഷീര സംഘമായിരുന്ന ഉദയനാപുരം വല്ലകം ക്ഷീരോത്പാദക സംഘവും കടുത്ത പ്രതിസന്ധിയിലായി. 100 ലധികം കർഷകരുണ്ടായിരുന്നത് ഇപ്പോൾ 70 ആയി കുറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ പ്രതിദിനം 1500 ലിറ്റർ പാൽ ലഭിച്ചിരുന്ന സംഘത്തിലിപ്പോൾ 1100 ലിറ്റർ പാലാണ് ലഭിക്കുന്നത്. ചൂട് കൂടിയതിനെ തുടർന്ന് നടുവിലേഴത്ത് നിതാമോൾ, വൈക്കപ്രയാർ ഇലഞ്ഞിത്തറ സജിമോൻ എന്നിവരുടേതായി രണ്ടു പശുക്കൾ ചത്തു.
കന്നുകാലി വളർത്തലുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ലഭിച്ചിരുന്ന സർക്കാർ ആനുകൂല്യങ്ങൾ പാടെ നിലച്ചതാണ് ക്ഷീര മേഖലയിലെ തകർച്ചയിലേക്കു നയിച്ചതെന്ന് കർഷകർ ആരോപിക്കുന്നു. ക്ഷീരമേഖലയിൽ കർഷകരെ നിലനിർത്തുന്നതിനായി സർക്കാർ അനുഭാവപൂർവം നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.