കോട്ടയം: നാലാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം തിരുവൻവണ്ടൂരിൽ 11 മുതൽ 18 വരെ നടക്കും .19നാണ് ഗജമേള. വൈശാഖമാസ തീർത്ഥാടനത്തിന്റെ ഭാഗമായാണ് പാണ്ഡവീയ മഹാവിഷ്ണുസത്രം. ഒൻപതിന് രാവിലെ 6ന് തിരുവാറന്മുള ക്ഷേത്രത്തിൽ നിന്ന് ചൈതന്യ രഥഘോഷയാത്ര. 11ന് വൈകുന്നേരം പഞ്ചമഹാവിഷ്ണു രഥ ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തുന്നതോടെ സത്രത്തിന് ആരംഭം കുറിക്കും. സത്രത്തിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് 4ന് ഗോവ ഗവർണർ ഡോ.പി.എസ് ശ്രീധരൻപിള്ള നിർവഹിക്കും. അഡ്വ. ടി.ആർ രാമനാഥൻ വടക്കൻ പറവൂറാണ് സത്ര ആചാര്യ സ്ഥാനം വഹിക്കുന്നത്. 18ന് വൈകുന്നേരം സത്രത്തിന് സമാപനത്തോടനുബന്ധിച്ച് അറുപത്തിയൊന്നാമത് ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ദി മഹായജ്ഞത്തിന്റെ ഭാഗമായുള്ള സമൂഹസദ്യയും കൂട്ടപ്രാർത്ഥനയും നടക്കും. 19ന് ഘോഷയാത്രയും ഗജമേളയും കുടമാറ്റവും നടക്കുമെന്ന് ചെയർമാൻ ബി.രാധാകൃഷ്ണമേനോൻ, ജനകൺവീനർ എസ്.കെ രാജീവ്, സജു ഇടക്കല്ലിൽ, ശ്രീരാജ് ശ്രീവിലാസം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു