പാലാ: ടൗൺ ബസ് സ്റ്റാൻഡിൽ അപകടകരമായ നിലയിൽ സ്ഥിതി ചെയ്തിരുന്ന കൽക്കുറ്റികൾ നീക്കം ചെയ്തു. സ്റ്റാന്റിലെ കെട്ടിടത്തിന്റെ നാല് മൂലകളിലുമാണ് കൽക്കുറ്റികൾ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം മേവട സ്വദേശിയായ ഓട്ടോ ഡ്രൈവർ വിനോദ് ഈ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണ് ബസിന്റെ ടയർ തലയിലൂടെ കയറിയിറങ്ങി മരിച്ചിരുന്നു. ഇതേ തുടർന്ന് പാലാ നഗരസഭ കൗൺസിൽ യോഗം ചേർന്ന് കൽക്കുറ്റികൾ നീക്കാൻ തീരുമാനിക്കുകയായിരുന്നു.
കല്ലുകളിൽ തട്ടി വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ പതിവായിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചത്.
നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രിയാണ് കല്ലുകൾ നീക്കം ചെയ്തത്. സ്റ്റാൻഡിലെ തിരക്കൊഴിഞ്ഞ ശേഷം കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് വരാന്ത പൊളിച്ച ശേഷം തൊഴിലാളികൾ മണ്ണുനീക്കി കല്ലുകൾ പിഴുതെടുക്കുകയായിരുന്നു. സ്റ്റാൻഡിൽ അപകട ഭീഷണിയായിരുന്ന നാല് കല്ലുകളും നീക്കം ചെയ്തത് യാത്രക്കാർക്ക് ആശ്വാസമായി.