കുമരകം: കുമരകം ചന്ത കവലയിൽ സ്ഥാപിച്ചിട്ടുള്ള മയിൽക്കുറ്റിയിൽ ഇടിച്ച് കാർ അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടം നടന്നത്. കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. അട്ടിപ്പീടിക റോഡിൽ നിന്നും മെയിൻ റോഡിലേയ്ക്കു തിരിയുന്ന വശത്താണ് ഭീമൻ മയിൽ കുറ്റിയുള്ളത്. കോണത്താറ്റ് പാലം നിർമാണത്തെ തുടർന്ന് ഏർപ്പെടുത്തിയിരിയ്ക്കുന്ന ബദൽ റോഡിലൂടെ വരുന്ന വാഹനങ്ങൾ മെയിൻ റോഡിലേയ്ക്ക് തിരിഞ്ഞു കയറുന്നയിടമായതിനാൽ ഇവിടെ ഏറെ തിരക്കാണ്. വാഹനങ്ങൾ മയിൽ കുറ്റിയിൽ ഇടിച്ചു കയറുന്നത് പതിവായിട്ടുണ്ട്. ഗതാഗതത്തിന് തടസമായി നിൽക്കുന്ന മയിൽക്കുറ്റി മാറ്റുവാൻ അധികാരികൾ തയ്യാറാകാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്.