wind
ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റിനെ തുടർന്ന് തെങ്ങിനു മുകളിൽ കുടുങ്ങിയ രാജേഷിനെ ഫയർ ആൻഡ് റെസ്ക്യു ജീവനക്കാർ രക്ഷപെടുത്തുന്നു.

വൈക്കം: ഇന്നലെ വൈകിട്ട് വീശിയടിച്ച കാറ്റിലും മഴയിലും വൈക്കം നഗരത്തിലും സമീപ പഞ്ചായത്തുകളിലും വ്യാപകമായ നാശനഷ്ടമുണ്ടായി.

ബ്രഹ്മമംഗലത്ത് ചെത്തുതൊഴിലാളി തെങ്ങിന് മുകളിൽ കുടുങ്ങി. വൈകിട്ട് 6 മണിയോടെ ബ്രഹ്മമംഗലം തുരുത്തുമ്മയിൽ തെങ്ങ് ചെത്താൻ കയറിയ തുരുത്തുമ്മ വലിയതറയിൽ രാജേഷാണ് ഇറങ്ങാൻ കഴിയാതെ തെങ്ങിനു മുകളിൽ കുടുങ്ങിയത്. ഫയർ ആൻഡ് റസ്ക്യൂ വൈക്കം സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ വി.ആർ.ബിജു, സി.കെ.വിഷ്ണു തുടങ്ങിയവർ നാൽപ്പത്തിരണ്ട് അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കയറി രാത്രി 9.15 മണിയോടെയാണ് രാജേഷിനെ രക്ഷപ്പെടുത്തിയത്. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ.സജികുമാർ, സി.പി.ഒ മനീഷ്, ഹോം ഗാർഡ് സുദർശനൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ബ്രഹ്മമംഗലം മേഖലയിൽ കാറ്റ് കനത്ത നാശമാണുണ്ടാക്കിയത്. വിവിധ സ്ഥലങ്ങളിൽ റോഡിലേക്ക് മരം മറിഞ്ഞു ഗതാഗതം പൂർണമായും തടസപ്പെട്ടു.

ബ്രഹ്മമംഗലം.ആശുപത്രി ജംഗ്ഷന്റെയും ഷാപ്പിന്റെയും ഇടയിൽ റോഡിൽ മരം ഒടിഞ്ഞു ലൈൻ കമ്പിയുടെ മുകളിലൂടെ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണം പൂർണമായി നിലച്ചു. പഞ്ചായത്ത് കവല- കുരിശു പള്ളി റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡിനു കുറുകെ വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു

മരങ്ങളും പോസ്റ്റുകളും കടപുഴകി

വൈക്കം ചെട്ടിമംഗലത്ത് തൊഴുത്തിന് മുകളിൽ മരം വീണ് രണ്ട് പശുക്കൾ കുടുങ്ങി. ഫയർഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയാണ് പശുക്കളെ രക്ഷപ്പെടുത്തി.അയ്യർകുളങ്ങര ക്ഷേത്രത്തിന് മുന്നിലെ ട്രാൻസ്ഫോർമർ കാറ്റത്ത് മറിഞ്ഞുവീണു. ആറാട്ടുകുളങ്ങര, മുരിയൻകുളങ്ങര, വൈക്കപ്രയാർ, തേനാമിറ്റം തുടങ്ങി ഇരുപത്തിയഞ്ചിലധികം സ്ഥലങ്ങളിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. മിക്ക പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. വൈക്കം സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ മൂന്ന് വാഹനങ്ങളിൽ ഫയർ ആൻ്റ് റെസ്ക്യൂ ജീവനക്കാർ രാത്രി വൈകിയും മരങ്ങൾ മുറച്ചു മാറ്റുന്ന ജോലി തുടരുകയാണ്. കെ.എസ്.ഇ.ബി ജീവനക്കാരും ഒപ്പമുണ്ട്.