
കോട്ടയം : തണ്ണീർമുക്കം ബണ്ട് തുറക്കുമ്പോൾ വേലിയേറ്റത്തിൽ കടലിലെ ഉപ്പുവെള്ളം വേമ്പനാട്ടുകായലിലൂടെ മീനച്ചിലാറ്റിൽ എത്തി കുടിവെള്ള വിതരണം മുടങ്ങാതിരിക്കാനുള്ള താത്കാലിക തടയണ നിർമ്മിക്കാത്തതിനാൽ താഴത്തങ്ങാടിയിൽ നിന്നുള്ള പമ്പിംഗ് നിറുത്തി. കുടിവെള്ള പ്രശ്നത്താൽ വലയുന്ന കുമരകം, തിരുവാർപ്പ് പ്രദേശവാസികളെയാണ് ഇത് ബാധിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ തടയണ നിർമിക്കുന്ന ടെണ്ടർ ജോലികൾ തടസപ്പെട്ടെന്നാണ് ജലസേചനവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ കളക്ടറുടെ പ്രത്യേക അനുമതി വാങ്ങി തടയണ നിർമ്മിക്കാമായിരുന്നുവെന്നാണ് മറുവാദം. ഏപ്രിൽ 12 നാണ് ബണ്ട് തുറന്നത്. കൊയ്ത്ത് പൂർത്തിയാകാത്തതിനാൽ മുഴുവൻ ഷട്ടറുകൾ തുറക്കുന്നത് വൈകി. കായലിൽ ഒഴുക്കില്ലാതെ ജലനിരപ്പ് താഴ്ന്ന് വേലിയേറ്റത്തിൽ ഉപ്പുവെള്ളവുമെത്തി. മീനച്ചിലാറ്റിൽ താഴത്തങ്ങാടി ഭാഗത്തെ വെള്ളമാണ് ജല അതേറിറ്റി പമ്പിംഗ് നടത്തി കുമരകം തിരുവാർപ്പ് പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. ഉപ്പുവെള്ളത്തിന്റെ അംശം കൂടിയതോടെ മോട്ടാർ തകരാറിലാകുമെന്നതിനാലാണ് പമ്പിംഗ് നിറുത്തിയത്. വെള്ളൂപ്പറമ്പിൽ നിന്ന് പമ്പിംഗ് നടത്തേണ്ടി വന്നതോടെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ള വിതരണ നിയന്ത്രണവും ഏർപ്പെടുത്തി.
മറ്റിടങ്ങളിലും പമ്പിംഗ് നിറുത്തേണ്ട സാഹചര്യം
വെള്ളൂപ്പറമ്പ് , പൂവത്തുംമൂട് പമ്പുഹൗസുകളിൽ നിന്നാണ് കോട്ടയം നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം നടത്തുന്നത്. ഇവിടെ നിന്ന് കുമരകം, തിരുവാർപ്പ് ഭാഗത്തേക്ക് കൂടി കുടിവെള്ളം നൽകേണ്ടതിനാൽ കോട്ടയം നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളവിതരണത്തിലും നിയന്ത്രണം വേണ്ടിവരും. ഉപ്പുവെള്ളത്തിന്റെ അംശം കുറയുന്നില്ലെങ്കിൽ വെള്ളുപ്പറമ്പ്, പൂവത്തുമൂട് പമ്പുഹൗസുകളുടെ പ്രവർത്തനവും നിറുത്തേണ്ട ഗുരുതര സാഹചര്യം ഉണ്ടാകും.
പണം തട്ടാനുള്ള കൂട്ടുകച്ചവടം
കരാർ എടുക്കുന്നവർ താത്കാലിക തടയണ നിർമ്മാണം തുടങ്ങുന്നതോടെ വേനൽ മഴയിൽ വെള്ളം പൊങ്ങി ഉപ്പിന്റെ അംശം ഇല്ലാതാകും. ഇതു മുന്നിൽക്കണ്ട് തടയണ നിർമ്മാണവും പൊളിക്കലും ചേർത്ത് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ പണം തട്ടാനുള്ള അഡ്ജസ്റ്റ്മെന്റാണ് കാലങ്ങളായി നടക്കുന്നത്. എന്നാൽ ഈ വർഷം വേനൽ മഴ വൈകിയതോടെ ഉപ്പുവെള്ളമെത്തി കണക്കു കൂട്ടലുകൾ പാളി.
''ബണ്ട് തുറക്കും മുമ്പ് താഴത്തങ്ങാടിയിൽ പതിവുപോലെ തടയണ നിർമ്മിക്കണമായിരുന്നു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ കുടിവെള്ളം മുട്ടിച്ചത്. ബന്ധപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാവണം
ശിവദാസൻ, തിരുവാർപ്പ്