എരുമേലി : എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പുതിയതായി നിർമ്മാണം ആരംഭിച്ച ഓട ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മലിനീകരണവും സൃഷ്ടിക്കുന്നതാണെന്ന് ആക്ഷേപം. പ്രധാന ഓടയേക്കാൾ താഴ്ചയിലാണ് പുതിയ ഓട നിർമ്മിച്ചിരിക്കുന്നത്. സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്താണ് ഇത് നിർമ്മിച്ചത്. ഓടയിൽ നിന്ന് മലിനജലം ഒഴുകിപ്പോകാത്തതിനാൽ ദുർഗന്ധം വമിക്കുകയാണ്. ഒപ്പം രൂക്ഷമായ കൊതുക് ശല്യവുമാണെന്ന് വ്യാപാരികൾ പറഞ്ഞു. റോഡിലെ ഓടയുടെ ഉയരത്തിൽ വെള്ളം നിറയുമ്പോഴേ സ്റ്റാൻഡിലെ ഓടയിലെ മലിന ജലം ഒഴുകിപ്പോവുകയുള്ളൂ. ഇതിന് ശക്തമായ മഴ പെയ്യണം.