കോട്ടയം : വേനൽ മഴ ആരംഭിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനി പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയയുടെ മുന്നറിയിപ്പ്. ഏപ്രിൽ മാസം കോട്ടയം നഗരസഭാ പരിധിയിൽ മൂന്നുപേർക്കും, പനച്ചിക്കാട്, ചിറക്കടവ്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിൽ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ഉദയനാപുരം, അയർക്കുന്നം, കൂരോപ്പട, മീനടം, ചങ്ങനാശ്ശേരി, കങ്ങഴ, എരുമേലി എന്നിവിടങ്ങളിലും ഒരാൾക്ക് വീതം രോഗം സ്ഥിരീകരിച്ചു. കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത് പ്രധാനമായും ചെറുപാത്രങ്ങളിലാണ്. ചിരട്ടകൾ, പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചതോറും നീക്കംചെയ്യണം. ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കാൻ ശ്രദ്ധിക്കണം.
ചികിത്സ തേടിയത്
ഒരുമാസം : 85 പേർ
ലക്ഷണങ്ങൾ അവഗണിക്കരുത്
പനി, തലവേദന, കണ്ണിനു പുറകിൽ വേദന, ശക്തിയായ പേശിവേദന, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളാണ്. സ്വയം ചികിത്സ പാടില്ല. വിശ്രമമാണ് പ്രധാന ചികിത്സ. അതുപോലെ വെള്ളം, മറ്റു പാനീയങ്ങൾ എന്നിവ കുടിക്കുന്നതും പ്രധാനമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിറുത്താൻ സഹായമാകും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് നില പരിശോധിക്കണം.
തുടർച്ചയായ ഛർദ്ദി, വയറുവേദന, കറുത്ത മലം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, രക്തസമ്മർദ്ദം താഴുക, ശ്വാസംമുട്ട് തുടങ്ങിയവ അപായ സൂചനകളാണ്.
പ്രതിരോധം
കൊതുക്, കൂത്താടി നശീകരണം
പരിസരം വൃത്തിയായി സൂക്ഷിക്കണം
ടെറസിലടക്കം വെള്ളക്കെട്ട് ഒഴിവാക്കണം
''രോഗലക്ഷണങ്ങളെ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണം. അടിയന്തര ചികിത്സാസഹായം ഉറപ്പാക്കണം. പനി മാറിയാലും മൂന്നുനാല് ദിവസം കൂടി ശ്രദ്ധവേണം.
-ആരോഗ്യ വകുപ്പ് അധികൃതർ