വൈക്കം: ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരസഭയുടെ വിവിധ വാർഡുകളിൽ വ്യാപക നാശം. 18-ാം വാർഡിൽ പുൽപറ മഠത്തിൽ ബാലചന്ദ്ര പൈയുടെ പുരയിടത്തലേക്ക് മരം കടപുഴകി വീണു. സ്‌റ്റോർ റൂമും കുടിവെള്ള ടാങ്കും ചുറ്റുമതിലും തകർന്നു. വലിയ മരം നീക്കം ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ്. മരം മാറ്റിയാലേ നാശനഷ്ടം തിട്ടപ്പെടുത്താനാകൂ. ഏഴാം വാർഡിൽ നാറാണത്ത് മാറാന്നൂർ റോഡിൽ വൈദ്യുതി പോസ്റ്റ് കുറുകെ ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. അഞ്ച് വൈദ്യുതി പോസ്റ്റുകളാണ് സമീപറോഡുകളിൽ തകർന്നു വീണത്. ഇവ നീക്കം ചെയ്യാതെ വൈദ്യുതി ബന്ധം പു:നസ്ഥാപിക്കാനാകില്ല.