പൊൻകുന്നം: വ്യാഴാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും ചിറക്കടവ്, തെക്കേത്തുകവല മേഖലകളിൽ കനത്ത നാശനഷ്ടം. കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണു. പത്തോളം വീടുകൾ ഭാഗീകമായി തകർന്നു. മുപ്പതോളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധവും താറുമാറായി. മരങ്ങൾ റോഡിലേയ്ക്ക് ഒടിഞ്ഞ് വീണും വൈദ്യുതി ലൈനുകൾ പൊട്ടി വീണും ഗതാഗതവും തടസപ്പെട്ടു.
തെക്കേത്തുകവല, പുളിമൂട്, കൊട്ടാടിക്കുന്ന്, പൊന്നയ്ക്കൽകുന്ന്, തള്ളക്കയം, മുങ്ങത്ര മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. ഇതിൽ തെക്കേത്തുകവല പുളിമൂട് ഭാഗത്താണ് ഏറെ നാശനഷ്ടം ഉണ്ടായത്. ഇവിടെ മാത്രം 9 വീടുകളും, 20 ഓളം വൈദ്യുതി പോസ്റ്റുകളും തകർന്നു. മരങ്ങൾ റോഡിലേയ്ക്ക് ഒടിഞ്ഞ് വീണത് മൂലം ഗതാഗതം തടസപ്പെട്ട് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയായിരുന്നു.
ചുക്കനാനിയിൽ അജിത്ത് കുമാർ, മംഗലത്ത് വിജയമ്മ, മംഗലത്ത് അജി, പടിഞ്ഞാറയിൽ വിനോദ്, ചുക്കനാനിയിൽ അനിൽകുമാർ, ചുക്കനാനിയിൽ രാധാകൃഷ്ണൻ, ചാഞ്ഞപ്ലാക്കൽ അജിത്ത് കുമാർ, കുമ്പളാനിക്കൽ ഷാജി, പുല്ലുപാലത്ത് തങ്കമ്മ, മലയ്ക്കൽ ശ്രീനിവാസൻ, അമ്പാട്ടുകുന്നേൽ വനജകുമാരി എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരം വീണത്. ഈ വീടുകൾ ഭാഗീകമായി തകർന്നു. മരം വീണ് ചുക്കനാനിയിൽ അജിത്ത് കുമാർ, വട്ടുകളത്തിൽ അനീഷ് കുമാർ എന്നിവരുടെ വീട്ട് മുറ്റത്ത് കിടന്നിരുന്ന വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വീടുകളിൽ കഴിഞ്ഞ പലരും ജീവൻ തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണ്. വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തലെന്ന് വില്ലേജ് അധികൃതർ പറഞ്ഞു.