കടുത്തുരുത്തി : ഡോ.വന്ദനയുടെ വീട്ടുപരിസരം ഇന്നലെ പതിവിലും ദുഃഖാർദ്രമായിരുന്നു. അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും മുറ്റത്തെ അസ്ഥിത്തറയിൽ പതിവ് പോലെ തിരിതെളിച്ചു. ചുവന്ന പനിനീർപ്പൂക്കൾ ചേർത്തുവച്ചു. ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയുമ്പോൾ മകളുടെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു മാതാപിതാക്കൾ. വന്ദനയുറങ്ങുന്ന മണ്ണിന് ചുറ്റും വലംവച്ചു. വന്ദനയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ പലതവണ കയറി സാധനങ്ങൾ അടുക്കിവച്ചു. ഇന്നലെ പ്രത്യേക ചടങ്ങുകളൊന്നുമില്ലായിരുന്നു.
മേടമാസത്തിലെ പൂരാടം നാളിന് എല്ലാ ചടങ്ങുകളും നടത്തി. ഇന്നലെ ഏറെസമയവും മോഹൻദാസ് തിണ്ണയിലുണ്ടായിരുന്നു. അവിടെയിരുന്നാൽ അസ്ഥിത്തറയിൽ തിരികൾ കത്തുന്നത് കാണാം. വന്ദനയുടെ ചിരിക്കുന്ന ചിത്രം നോക്കി പലപ്പോഴും കരഞ്ഞു. ബന്ധുക്കളും പരിചയക്കാരും ആശ്വസിപ്പിച്ചു. അസീസിയ മെഡിക്കൽ കോളേജിലെ വന്ദനയുടെ സുഹൃത്തുക്കളെ കണ്ടതോടെ മോഹൻദാസിന് പിടിച്ചു നിൽക്കാനായില്ല. വിശേഷങ്ങൾ പറയുന്നതിനിടെ പലതവണ പൊട്ടിക്കരഞ്ഞു. ആവും വിധം അവരെല്ലാം ആശ്വസിപ്പിച്ചു. ഉച്ചഭക്ഷണം എല്ലാവരോടുമൊത്താണ് കഴിച്ചത്.