കടുത്തുരുത്തി : ഡോ. വന്ദന ദാസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ മുട്ടുചിറയിലെ വസതിയിലെത്തി കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പ്രണാമമർപ്പിച്ചു.

കോട്ടയം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ അഡ്വ. കെ.ഫ്രാൻസിസ് ജോർജും എം.എൽ.എയോടൊപ്പം വസതിയിലെത്തി പുഷ്പാർച്ചന നടത്തി.

ഡോ. വന്ദന ദാസിന്റെ പിതാവ് മോഹൻദാസുമായി ഇരുവരും സംസാരിച്ചു. ഡോ. വന്ദന ദാസിന്റെ കൊലപാതകം സംബന്ധിച്ച് ഇതുവരെ നടന്നിരുന്ന അന്വേഷണങ്ങളൊന്നും തൃപ്തികരമല്ലെന്നും കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാ തലങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതെന്നും മോഹൻദാസ് ചൂണ്ടിക്കാട്ടിയതായി നേതാക്കൾ പറഞ്ഞു.

ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീതിപൂർവ്വമായ അന്വേഷണം നടന്നിട്ടില്ല എന്ന് പരാതി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് കേസ് അന്വേഷണം സി.ബി.ഐക്ക് വിടുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എയും അഡ്വ.കെ ഫ്രാൻസിസ് ജോർജും ആവശ്യപ്പെട്ടു