മുണ്ടക്കയം: പ്രളയകാലത്ത് മണിമലയാറ്റിലൂടെ ഒഴുകിയെത്തി, കോസ് വേ പാലത്തിൽ തങ്ങിനിൽക്കുന്ന തടികൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇത് പാലത്തിന്റെ ബലക്ഷയത്തിനും മഴക്കാലമെത്തിയാൽ കോസ് വേ പാലം വേഗത്തിൽ വെള്ളത്തിനടിയാലാകാനും ഇടയാക്കുമെന്ന് അഭിപ്രായമുയരുന്നു.
തടികൾ നീക്കം ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. 2021 മുതലുള്ള പ്രളയ കാലങ്ങളിൽ കൂട്ടിക്കൽ ഏന്തയാർ ഇളങ്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കടപുഴകി വന്ന നിരവധി മരക്കുറ്റികളും തടികളുമാണ് പാലത്തിൽ തങ്ങി നിന്നത്. ഇവയെല്ലാം വേഗത്തിൽ തന്നെ നീക്കം ചെയ്തിരുന്നു. എന്നാൽ അവസാനമായി എത്തി പാലത്തിന്റെ തൂണുകളിൽ കുടുങ്ങിക്കിടക്കുന്ന തടികൾ നീക്കം ചെയ്യാനാണ് കാലതാമസം നേരിടുന്നത്. പാലത്തിന്റെ രണ്ടു തൂണുകളിലായി ഉടക്കി കിടക്കുന്ന തടി നീക്കം ചെയ്തില്ലെങ്കിൽ ഇനി ഉണ്ടാകുന്ന മഴയിൽ വേഗത്തിൽ കോസ് വേ പാലം വെള്ളത്തിനടിയിലാകും. ഇതോടൊപ്പം തന്നെ തടിയിൽ ഇടിച്ച് വെള്ളത്തിന്റെ പ്രഷർ കൂടുമ്പോൾ പാലത്തിന് അപകട സാധ്യതയും വർദ്ധിപ്പിക്കും. നിലവിൽ തടികൾ വന്നിടിച്ച് പാലത്തിന്റെ ഒരു വശം പൂർണമായും കേടുപാടുകൾ സംഭവിച്ചിരിക്കുകയാണ്. മഴ ശക്തമാകാൻ കാത്തുനിൽക്കാതെ തടികൾ ഇപ്പോൾ തന്നെ നീക്കം ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്. ആറ്റിൽ വെള്ളമില്ലാത്തതിനാൽ തടികൾ നിസാരമായി നീക്കം ചെയ്യാുവന്നതേയുള്ളൂ. ആറ്റിൽ വെള്ളമായിക്കഴിഞ്ഞാൽ പിന്നെ തടികൾ നീക്കം ചെയ്യുക പ്രയാസകരമായിരിക്കും.