ഏഴാച്ചേരിയിൽ റോഡരികിലെ ഉണങ്ങിയ മരം
വെട്ടിനീക്കണമെന്ന് വില്ലേജ് അധികൃതരുടെ റിപ്പോർട്ട്
ഏഴാച്ചേരി: പാലാ രാമപുരം മെയിൻ റോഡിൽ ഏഴാച്ചേരി ജി.വി യു.പി സ്‌കൂളിന് മുന്നിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് നിൽക്കുന്ന ഇടിവെട്ടേറ്റ കൂറ്റൻ ആഞ്ഞിലി മരം എത്രയും വേഗം വെട്ടിനീക്കണമെന്ന് വില്ലേജ് അധികൃതരുടെ റിപ്പോർട്ട്. മരമുയർത്തുന്ന അപകടഭീഷണി സംബന്ധിച്ച് കഴിഞ്ഞദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് പാലാ ആർ.ഡി.ഒ കെ.പി. ദീപ ഇതുസംബന്ധിച്ച് ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വെള്ളിലാപ്പിള്ളി വില്ലേജ് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസർ റോഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി ആർ.ഡി.ഒ.യ്ക്ക് സമർപ്പിക്കുകയായിരുന്നു. ഉണങ്ങി നിൽക്കുന്ന കൂറ്റൻ മരം അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരം വെട്ടിമാറ്റാൻ രാമപുരം പഞ്ചായത്ത് അധികാരികൾക്ക് ആർ.ഡി.ഒ നിർദ്ദേശം നൽകിയേക്കുമെന്നാണ് സൂചന.
അത് വലിയ ഭീഷണി
ഒന്നരവർഷം മുമ്പ് ഇടിവെട്ടേറ്റതിനെ തുടർന്ന് മരത്തിന്റെ ഇലകൾ കൊഴിഞ്ഞ് ശിഖരങ്ങൾ ഉണങ്ങി അല്പാല്പമായി ഒടിഞ്ഞുവീഴാൻ തുടങ്ങി. തൊട്ടടുത്തുള്ള ജി.വി. യു.പി. സ്‌കൂൾ അധികാരികളും യാത്രക്കാരും പരിസരവാസികളും പലതവണ രാമപുരം പഞ്ചായത്ത് റവന്യു വനംവകുപ്പ് അധികാരികളെ വിവരമറിയിച്ചിരുന്നു. കെ.എസ്.ഇ.ബിയുടെ ത്രീഫേസ് ലൈൻ കടന്നപോകുന്നത് ഈ ആഞ്ഞിലി മരത്തിന് തൊട്ടുതാഴെയാണ്. ഈ ഭാഗത്ത് ബസ് സ്റ്റോപ്പും കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. സ്‌കൂൾ തുറക്കുന്നതോടെ അപകടസാധ്യത ഇരട്ടിയാകും.