coco

മുണ്ടക്കയം : കുതിച്ചുകയറിയ കൊക്കോ വിലയിലെ വൻഇടിവിന്റെ ആഘാതത്തിലാണ് ഇപ്പോൾ കർഷകർ. ഈ മാസം ആദ്യ വാരത്തിൽ 1000- 1075 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില 580- 600 രൂപയായാണ് താഴ്ന്നത്. 270 രൂപയുണ്ടായിരുന്ന പച്ച കൊക്കോയ്ക്ക് 180 രൂപയായി താഴ്ന്നു. അടുത്തിടെ ഉണ്ടായ കീടബാധയും അണ്ണാൻ, മരപ്പട്ടി ശല്യവും മൂലം പല കർഷകരും കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു കയറുകയുമായിരുന്നു. കൊക്കോ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും കൊക്കോ പരിപ്പിന് മറ്റ് കൃത്രിമ ബദലുകൾ നിർമ്മിക്കാനാവാത്തതുമാണ് കൊക്കോയ്ക്ക് വില സ്ഥിരത ഉറപ്പുവരുത്തുന്നത്. വില വീണ്ടും ഉയരുമെന്ന് കരുതി കായ ഉണക്കി സംഭരിച്ചുവച്ച കർഷകർക്ക് വില ഇടിഞ്ഞത് വലിയ തിരിച്ചടിയായി. ജില്ലയിൽ കാഞ്ഞിരപ്പള്ളി, പാലാ, അയർക്കുന്നം, വാകത്താനം തുടങ്ങിയ മേഖലകളിലാണ് കൃഷിയുള്ളത്. മികച്ച വില ലഭിച്ചുതുടങ്ങിയതോടെ റബറിൽ തിരിച്ചടിയേറ്റ കർഷകർ കൊക്കോയിൽ ഭാഗ്യപരീക്ഷണത്തിനും തയ്യാറായിരുന്നു.

പിന്നിൽ ലോബിയുടെ ഇടപെടലെന്ന്

കുത്തനെയുള്ള വിലയിടിവിന് പിന്നിൽ ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനില നിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്. മേയ് മുതൽ സെപ്തംബർ വരെയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ കൂടുതലായി കൊക്കോ എത്തുന്നത്. ഹൈറേഞ്ചിലെ വ്യാപാരികളിൽ നിന്ന് പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമ്മിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, മുംബയ്, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്.

''ജില്ലയിലെ മണ്ണ് അനുയോജ്യമെങ്കിലും കൊക്കോ കൃഷി ചെയ്യുന്നവർ നിരവധിയാണ്. പലരും റബർ വെട്ടിമാറ്റിയാണ് ഇതിലേക്ക് തിരിഞ്ഞത്. വില ഉയർന്നപ്പോൾ പ്രതീക്ഷയേറെയായിരുന്നു. പെട്ടെന്ന് ഇത്രയും താഴുമെന്ന് പ്രതീക്ഷിച്ചില്ല. കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാൻ, കുരങ്ങ്, പന്നി എന്നിവയെ തുരത്താനുള്ള ശ്രമങ്ങളും കർഷകർ നടത്തുന്നുണ്ട്.

രാമൻകുട്ടി, വാകത്താനം