puli

തൊടുപുഴ : കരിങ്കുന്നം ഇല്ലിചാരിയിലും പാറക്കടവ് മഞ്ഞമാവിലും പൊട്ടൻപ്ലാവിലും ഭീതി പരത്തിയ പുള്ളിപ്പുലി ജില്ലാ അതിർത്തി പ്രദേശമായ മാറികയിലുമെത്തിയെന്ന് ആശങ്ക. മാറിക കവലയിൽ നിന്ന് പണ്ടപ്പിള്ളി - മൂവാറ്റുപുഴ റൂട്ടിൽ 300 മീറ്ററോളം മാറിയുള്ള തോടിന്റെ കടവിന് എതിർവശത്തുള്ള പറമ്പിൽ നാട്ടുകാരി വലിയപാറയ്ക്കൽ സുമയാണ് പുലിയെ കണ്ടത്. ബഹളം കേട്ട് പുലി പറമ്പിലേക്ക് തന്നെ മറഞ്ഞെന്ന് സുമ പറയുന്നു. മാറികയ്ക്ക് സമീപം വഴിത്തലയിൽ കോലടി റൂട്ടിൽ കഴിഞ്ഞയാഴ്ച പുലിയുടെ കാൽപ്പാടും വിസർജ്യവും കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇതനുസരിച്ച് വനം വകുപ്പ് അധികൃതർ പരിശോധിച്ചെങ്കിലും പുലിയുടേതല്ലെന്ന് ഉറപ്പാക്കിയതാണ്.