മുണ്ടക്കയം ഈസ്റ്റ്: 150 വർഷത്തെ പഴക്കമുണ്ട്. വേനലിൽ നാടിൻ്റെ ജീവനാഡിയും. ഇടിഞ്ഞുപൊളിഞ്ഞെന്ന് കരുതി പെരുവന്താനം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കൊടികുത്തി അങ്കണവാടിക്ക് സമീപത്തെ പൊതുകിണറിനെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റുമോ? ഒരിക്കലുമില്ലെന്ന് കാട്ടിത്തരികയാണ് ഒരു നാടും നാട്ടുകാരും. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് കുടിവെള്ളത്രോതസിന് പ്രകൃതിയോട് ഇണങ്ങിയ പുതിയമുഖം തീർത്തത്.
ഗ്രാമപഞ്ചായത്തംഗം നിസാർ പാറയ്ക്കൽ മതിലിനും സംരക്ഷണത്തിനുമായി 1.25 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു. പ്രദേശവാസികളായ ജിജി ഇബ്രാഹിമും മുഹമ്മദ് കുട്ടിയുമാണ് കരാർ ഏറ്റെടുത്തത്. പഞ്ചായത്ത് അസി.എൻജിനീയർ അജിത്തിന്റെ രൂപകൽപനയിൽ ശില്പിയായ പുഞ്ചവയൽ 504 കോളനി നാവളത്തുംപറമ്പിൽ ബിനോയിയാണ് ചുറ്റുമതിൽ നിർമിച്ച് കിണറിന് പുതിയമുഖം നൽകിയത്.
മരക്കുറ്റിയുടെ മാതൃകയിൽ
മുകൾവശം വെട്ടിനീക്കിയ വലിയൊരു മരക്കുറ്റിയുടെ മാതൃകയിലാണ് ചുറ്റുമതിൽ. ഇതിനോട് ചേർന്ന് കപ്പി തൂക്കാൻ ചക്കകൾ കായ്ച്ചുകിടക്കുന്ന ശിഖരം ഇറക്കിയ പ്ലാവിന്റെ ശില്പവുമാണ് തയാറാക്കിയത്. ഇതിൽ ചക്കപ്പഴം തിന്നുന്ന അണ്ണാനെയും പ്ലാവിന്റെ മറ്റൊരു ദ്വാരത്തിൽ കയറിപ്പോകുന്ന ഉടുമ്പിനെയും കൊത്തിവെച്ചു. അങ്കണവാടി കുട്ടികൾക്ക് ഇത് കൗതുകമുള്ള കാഴ്ചയും.