ഏഴാച്ചേരി: മരംവീണ് വൈദ്യുതി ലൈൻ പൊട്ടിപ്പോയാൽ പൊയ്‌ക്കോട്ടെ... നാശനഷ്ടം കെ.എസ്.ഇ.ബിക്ക്. എന്നാൽ ലൈൻ അഴിച്ച് മരം വെട്ടുകയാണെങ്കിൽ 30,000 രൂപ കെ.എസ്.ഇ.ബി.യിൽ അടയ്ക്കണം. വിചിത്രമായ നിലപാടുമായി അപകടമരം വെട്ടിനീക്കുന്നതിന് ഉടക്കിട്ട് നിൽക്കുകയാണ് രാമപുരം കെ.എസ്.ഇ.ബി. അധികാരികൾ.
പാലാ രാമപുരം മെയിൻ റോഡിൽ ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിന് മുന്നിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് നിൽക്കുന്ന ഇടിവെട്ടേറ്റ കൂറ്റൻ ആഞ്ഞിലിമരം ഉടൻ വെട്ടണമെന്ന് പാലാ ആർ.ഡി.ഒ. നിർദ്ദേശിച്ചതോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. മരത്തോട് ചേർന്ന് ത്രീഫേസ് വൈദ്യുതി ലൈൻ കടന്നുപോകുന്നതിനാൽ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ രാമപുരം കെ.എസ്.ഇ.ബി. അധികാരികളെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ രാമപുരം കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ മരം മുറിക്കണമെങ്കിൽ സമീപത്തെ എട്ട് പോസ്റ്റുകളിലെ ലൈൻ അഴിച്ചുമാറ്റേണ്ടി വരുമെന്നും ഇതിനായി ചുരുങ്ങിയത് 30,000 രൂപയെങ്കിലും പൊതുമരാമത്ത് വകുപ്പ് കെ.എസ്.ഇ.ബി.യിൽ അടയ്‌ക്കേണ്ടി വരുമെന്നും സൂചന നൽകിയതായി പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ പറയുന്നു. മരം ഒടിഞ്ഞുവീണാൽ ഏറ്റവും അധികം നാശമുണ്ടാവുക കെ.എസ്.ഇ.ബിക്കാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് വിചിത്ര വാദവുമായി കെ.എസ്.ഇ.ബി. രാമപുരം അധികാരികൾ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നത്.
ഇന്നലെ പി.ഡബ്ല്യു.ഡി. റോഡ്‌സ് അസി. എൻജിനീയർ അനുവും സംഘവും ഏഴാച്ചേരിയിലെത്തി മരം പരിശോധിച്ചു. സമീപത്തുള്ള പാടത്തേക്ക് മരം മറിക്കാമെങ്കിലും മുകൾ വശത്തെ ശിഖരങ്ങൾ ഉണങ്ങി നിൽക്കുന്നതിനാൽ വൈദ്യുതി ലൈനിലേക്കും വീഴാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് കെ.എസ്.ഇ.ബി. അധികാരികളെക്കൂടി ഇക്കാര്യം അറിയിച്ചത്.
എന്തിന് എട്ടുപോസ്റ്റുകളിലെ ലൈൻ അഴിക്കണം...?
കൂറ്റൻ മരം മുറിക്കാൻ കേവലം രണ്ട് പോസ്റ്റിലെ മാത്രം ലൈനുകൾ അഴിച്ചാൽ മതിയെന്ന് ആർക്കും വ്യക്തമാണെന്നിരിക്കെ എട്ട് പോസ്റ്റുകളുടെ ദൂരത്തിലുള്ള ലൈൻ അഴിച്ചുമാറ്റണമെന്ന രാമപുരം കെ.എസ്.ഇ.ബി. അധികാരികളുടെ വിചിത്ര നിലപാട് എങ്ങനെ വന്നുവെന്ന് ആർക്കും അറിയില്ല. ഇക്കാര്യം പാലാ ആർ.ഡി.ഒ.യുടെ ശ്രദ്ധയിൽ വീണ്ടും പെടുത്തുമെന്ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ പറയുന്നു. ദുരന്ത നിവാരണ ക്രമീകരണത്തിൽപെടുത്തി ലൈൻ അഴിച്ചുമാറ്റി മരം മുറിക്കാവുന്നതേയുള്ളൂ എന്നിരിക്കെ സാമ്പത്തികം ആവശ്യപ്പെട്ടുള്ള കെ.എസ്.ഇ.ബി. നീക്കം മരംമുറിക്കലിന് തൽക്കാലം ഉടക്കിട്ടിരിക്കുകയാണ്. കനത്ത മഴയും കാറ്റും പ്രദേശത്തുള്ളതിനാൽ അപകടഭീതിയിലാണ് ഈ ഭാഗത്തെ യാത്രക്കാരും ജനങ്ങളും.