anganwady-vellam

മഴയിൽ ടൗൺ അങ്കണവാടിയിൽ വീണ്ടും വെള്ളംകയറി

പാലാ : പതിനഞ്ചോളം കുരുന്നുകളുണ്ട്. അലംഭാവം മാറ്റിവെച്ചേ മതിയാകൂ! 20ാം വാർഡിലെ അങ്കണവാടിയുടെ കാര്യത്തിൽ മാതാപിതാക്കൾക്കും നാട്ടുകാർക്കും പാലാ നഗരസഭാ അധികാരികളോടുള്ള അഭ്യർത്ഥനയാണിത്. വെള്ളക്കെട്ട് ഒഴിവാക്കാൻ ഒരുപോംവഴി കണ്ടെത്തിയേ മതിയാകൂ.

കനത്ത മഴയിൽ ഇന്നലെയും ടൗൺ അങ്കണവാടിയിൽ വെള്ളംകയറി. പഴയ സർക്കാർ സ്‌കൂൾ കെട്ടിടത്തിലാണ് 20ാം വാർഡ് അങ്കണവാടി പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലും അങ്കണവാടിയിലും വരാന്തയിലും വലിയ തോതിൽ വെള്ളംകയറിയിരുന്നു.. ഇവിടെ മഴ വെള്ളം ഒഴുക്കിവിടാൻ കഴിയാതെ തടയണ രൂപപ്പെട്ട അവസ്ഥയാണ്. കനത്തമഴയിൽ വെള്ളക്കെട്ട് ഉയരുന്നതോടെ കുട്ടികളും ഭയന്ന് കരയും. ശക്തമായ മഴയിൽ മുട്ടോളം വെള്ളം ഉയർന്ന് അങ്കണവാടിക്ക് അകത്തുവരെ കയറുന്ന അവസ്ഥയുമുണ്ട്. സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. ഇവയും വെള്ളക്കെട്ടിൽ മുങ്ങും.മുമ്പ് പല തവണ പരാതി ഉയർന്നപ്പോഴും പാലാ നഗരസഭാ അധികാരികൾ ഒരു നടപടിയും സ്വീകരിച്ചില്ല.

വലിയ ജാഗ്രത വേണം

മഴ ശക്തമായാൽ വെള്ളക്കെട്ട് രൂക്ഷമാകും. ഇത് അപകടസാധ്യത വർദ്ധിപ്പിക്കും.

മണിക്കൂറുകൾ കൊണ്ടാണ് വെള്ളക്കെട്ട് ഒഴിയുന്നത്. അങ്കണവാടിയും പരിസരവും ചെളിനിറഞ്ഞ അവസ്ഥയിലാണ്.