കോട്ടയം: വൻതുക കമ്മീഷൻ കൊയ്യാൻ ഗുണനിലവാരം കുറഞ്ഞ പച്ചക്കറി വിത്ത് സംസ്ഥാനത്തെ കർഷകർക്ക് വിതരണം ചെയ്ത ഉദ്യോഗസ്ഥരെ പൂട്ടാൻ കൃഷിമന്ത്രി തന്നെ രംഗത്തെത്തി. പാക്കറ്റിന് 25 രൂപ നിരക്കിൽ തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ പച്ചക്കറിവിത്ത് ഗുണനിലവാരം കുറഞ്ഞതിനാൽ മുളക്കാറില്ലെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് കൃഷി മന്ത്രി പി.പ്രസാദ് ജില്ലാ കൃഷിഓഫീസറോട് വിശദീകരണം തേടി. 'കർഷകർക്ക് ചതിക്കുഴി ഒരുക്കി കൃഷി വകുപ്പ് 'എന്ന തലക്കെട്ടിൽ മേയ് 12നാണ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിക്കാത്ത വിത്താണ് കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് വെജിറ്റബിൾ സയൻസ് ഹോർട്ടി കൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റൂട്ടിൽ നിന്നു വാങ്ങി ഹൈബ്രിഡ് വിത്തെന്ന് പാക്കറ്റിൽ ചേർത്ത് കൃഷി വകുപ്പ് വിതരണം ചെയ്യുന്നതെന്ന് കേരളകൗമുദി ചൂണ്ടിക്കാണിച്ചിരുന്നു.
നട്ടാൽ നഷ്ടം മാത്രം
കോട്ടയം ജില്ലയിൽ കോഴയടക്കം സംസ്ഥാനത്ത് കൃഷി വകുപ്പിന് കീഴിലുള്ള ഫാമുകളിൽ മുളപ്പിച്ച വിത്തുകളായിരുന്നു മുമ്പ് കർഷകർക്ക് നൽകിയിരുന്നത്. ഈ രീതിയാണ് ഉദ്യോഗസ്ഥർ അട്ടിമറിച്ചത്. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച നട്ട കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടവുമുണ്ടായി. പദ്ധതിയുടെ മറവിൽ വൻതുക കമ്മീഷനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിട്ടതെന്നും പരാതി ഉയർന്നിരുന്നു.
കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച അത്യൂത്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകൾ ഇവിടുത്തെ ഫാമുകളിൽ ലഭ്യമാക്കും. തമിഴ്നാട്ടിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ പച്ചക്കറി വിത്തുകൾ വാങ്ങുന്നതിന് പിന്നിൽ ഉദ്യോഗസ്ഥ താത്പര്യമുണ്ടെങ്കിൽ പരിശോധിക്കും.
പി.പ്രസാദ് (കൃഷിവകുപ്പ് മന്ത്രി)