school

എരുമേലി: കഥകൾ ഏറെ പറയാനുണ്ട് ആ ചെമ്പകമരത്തിന്. അവിടെ നിന്ന് തന്നെയാണ് എരുമേലിയിലെ ആദ്യത്തെ സ്‌കൂളായ കനകപ്പലം എൻ.എം.എൽ.പി സ്‌കൂളും ചരിത്രത്തിലേക്ക് നടന്നുകയറിയത്. സ്കൂൾ മുറ്റത്ത് തണൽവിരിക്കുന്ന ചെമ്പകമരത്തിനും കനകപ്പലം സ്കൂളിനും ഒരേപ്രായം... വയസ് 108. ഒരു നൂറ്റാണ്ട് മുമ്പ് എഡ്വിൻ ഹണ്ടർ നോയൽ എന്ന ഇംഗ്ലണ്ടുകാരൻ സ്ഥാപിച്ചതാണ് കനകപ്പലം എൻ.എം.എൽ.പി സ്‌കൂൾ. സ്‌കൂൾ സ്ഥാപിച്ചപ്പോൾ ഒരു ചെമ്പകമരവും മുറ്റത്ത് നടുകയായിരുന്നു. ആ മരം ഇന്നും തണൽ വിരിക്കുന്നു. സ്കൂളാകട്ടെ പഴമയിലും പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു. 1916ലാണ് സ്‌കൂൾ സ്ഥാപിച്ചത്. ഓട് മേഞ്ഞ പഴയ കെട്ടിടം അതേപടി നിലനിർത്തി പിന്നീട് നവീകരിച്ചു. ബ്രദറൺ മിഷൻ സ്‌കൂൾ എന്നായിരുന്നു ആദ്യ പേര്. സായിപ്പിന്റെ മരണത്തോടെ ഓർമയ്ക്കായി നോയൽ മെമ്മോറിയൽ സ്‌കൂൾ എന്ന പേരായി. ഇന്ന് നൂറോളം കുട്ടികളുണ്ട്. കോർപറേറ്റ് മാനേജർ ഡോ.എം.പി.ജോസഫ്, അസിസ്റ്റന്റ് മാനേജർ കെ.എം.ജോൺസൺ എന്നിവർ നേതൃത്വം നൽകുന്നു. ഹെഡ്മിസ്ട്രസ് എം.സിന്ധു ഉൾപ്പടെ അഞ്ച് അദ്ധ്യാപകരും മൂന്ന് ജീവനക്കാരുമുണ്ട്.

ക്ലാസുകൾ സൂപ്പർ...

ക്ലാസ് മുറികളെല്ലാം ടൈലിട്ടു. പഴയ കതകുകളും ജനാലകളും മാറ്റി. ഫാനും ലൈറ്റും ലാപ്‌ടോപ്പുകളും എൽസിഡി പ്രൊജക്ടറുകളും സ്ഥാപിച്ചു. സ്‌കൂൾ ബസുമുണ്ട്. എല്ലാത്തിനപ്പുറം പ്രവേശനകവാടത്തിൽ നോയൽ സായിപ്പിന്റെ പേര് തിളങ്ങി നിൽക്കുന്നു.