കടുത്തുരുത്തി: ഗുരുദർശനത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും കേട്ടുകേഴ് വിയും പക്ഷപാതപരമായ വിവരങ്ങളുമാണ് പരക്കുകയും പരത്തുകയും ചെയ്യുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പലർക്കും ഗുരുവിനെ അവരുടെ മനോനിലകളുടെ വക്താവാക്കണം. അല്ലാതെ ആർക്കും ഗുരുവിന്റെ ശരിയായ നിലപാട് അറിയാനും അതിൽ നിലകൊള്ളാനും താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം 2673 നമ്പർ തിരുവമ്പാടി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.എം. ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ഹരികൃഷ്ണൻ ടി.എൽ, സെക്രട്ടറി ധനേഷ് കെ.വി, ശാഖാ പ്രസിഡന്റ് ശ്രീനിവാസൻ, സെക്രട്ടറി ടി.എസ് സുഗതൻ, യൂത്ത് മൂവ്‌മെന്റ് ജോയിൻ സെക്രട്ടറി ഹരീഷ് ഹരി, അനു പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.