മണർകാട്: ഗൃഹോപകരണ സ്ഥാപനത്തിൽ കയറി ഉടമയെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത മണർകാട് മാലം മുത്തൻമുക്ക് ഭാഗത്ത് പടിയറ സാബു എന്ന കുര്യാക്കോസ് ജേക്കബ് (48), മണർകാട് കവല ഭാഗത്ത് കൊച്ചുപറമ്പിൽ ഷെബി ജോൺ (39) എന്നിവരെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമായിരുന്നു അക്രമസംഭവം. മണർകാട് ഓൾഡ് കെ.കെ റോഡിനു സമീപം കണിയാംകുന്ന് സ്വദേശിയായ മദ്ധ്യവയസ്‌കന്റെ സ്ഥാപനത്തിൽ കയറി കട്ടിലിൽ ഇരിക്കുകയും ഇത് ചോദ്യം ചെയ്ത ഉടമയെ ഇരുവരും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തടയാൻ വന്ന മാനേജരെയും സംഘം മർദ്ദിച്ചു. സ്ഥാപനത്തിലെ ഫ്രിഡ്ജ്,അലമാര എന്നിവ തല്ലി തകർത്തു. ഷെബി ജോൺ മണർകാട് സ്റ്റേഷനിലെ ക്രിമിനിൽ ലിസ്റ്റിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.