suseel

കോട്ടയം: സുശീൽ കുമാർ മോദിയുടെ മനസിലേക്ക് പൊൻകുന്നംകാരി ജെസി ജോർജ് ചേക്കേറിയത് ഒരു ട്രെയിൻ യാത്രയിൽ. മഹാരാഷ്ട്രയിൽ ഒരേ ക്യാമ്പസിലായിരുന്നു പഠനം.

നാഗ്പൂരിൽ ഗവേഷണ കാലയളവിലാണ് പരിചയപ്പെടുന്നത്. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി കശ്മീരിലേക്ക് ട്രെയിനിൽ പോകുകയായിരുന്ന ജെസിയും സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി മുംബയിലെ എ.ബി.വി.പി ആസ്ഥാനത്ത് എത്തി തിരിച്ചുപോവുകയായിരുന്ന സുശീൽകുമാറും ഒരേ കമ്പാർട്ട്മെന്റിലായിരുന്നു. ആ യാത്രയിൽ മനസ് കൈമാറിയാണ് പിരിഞ്ഞത്.

സംഘപരിവാറുകാരനോടുള്ള പരമ്പരാഗത ക്രിസ്ത്യൻ തറവാട്ടുകാരിയുടെ പ്രണയം എതിർപ്പുകൾ ഉയത്തിയെങ്കിലും ഇരുവരും ഒന്നിച്ചു.1987ൽ നാഗ്പൂർ ആർ.എസ്.എസ് കാര്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സുശീൽകുമാർ മോദിയുടെ വാമഭഗമായി ജെസി ചേർന്നു.

പൊൻകുന്നം ടൗണിൽ പഴയചന്തക്ക് സമീപം അഴീക്കൽ കുടുംബാംഗമായ ജെസിയുടെ മാതാപിതാക്കൾ മുംബയിലായിരുന്നു. ജെസി ജനിച്ചതും വളർന്നതും അവിടെയാണ്.

വിവാഹശേഷം മോദിയുമൊത്ത് പലതവണ ജെസി പൊൻകുന്നത്തെ കുടുംബവീട്ടിലെത്തി. പിതാവിന്റെ ഇളയസഹോദരനായിരുന്നു താമസിച്ചിരുന്നത്. ഇവർ പിന്നീട് കോട്ടയം കഞ്ഞിക്കുഴിലേക്ക് മാറിയപ്പോൾ സുശീൽകുമാർ പലതവണ അവിടെയും എത്തിയിരുന്നു.

വിവാഹശേഷം ബീഹാറിൽ കോളേജ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു ജെസി. മരണവിവരം ജെസി വിളിച്ച് അറിയിച്ചെന്ന് കോട്ടയത്തെ ബന്ധുക്കൾ പറഞ്ഞു. സംസ്‌കാര ചടങ്ങ് പെട്ടെന്നായതിനാൽ പങ്കെടുക്കാനായില്ല. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോകും.