ചങ്ങനാശേരി: നഗരവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തി രാത്രിയിൽ മോഷ്ടാക്കൾ വിലസുന്നു.
തിങ്കളാഴ്ച അർദ്ധരാത്രിയോടെ നഗരത്തിന്റെ വിവിധപ്രദേശങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടന്നു.
പാറേൽ പള്ളിക്കു സമീപം കടമാൻചിറ ക്രൈസ്റ്റ് നഗറിൽ പുലർച്ചെ വീടുകൾ കുത്തി തുറന്ന് മോഷണം നടന്നു. ഇന്നലെ പുലർച്ചെയോടെയാണ് പ്രദേശത്ത് നാലോളം വീടുകളിൽ മോഷണം നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കൊച്ചുപറമ്പ് ജോസി വർഗീസിന്റെ ഭാര്യ സൗമ്യയ്ക്ക് കാനഡയിൽ ജോലിക്കു പോകാൻ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ഒന്നരപവൻ സ്വർണവുമാണ് മോഷണം പോയത്.
മോഷണം നടക്കുമ്പോൾ സൗമിയും രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോലിക്കു ശേഷം ഭർത്താവ് വീട്ടിലെത്തിപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്.
പിറകിലെ വാതിൽ കുത്തി തുറന്നാണ് അകത്തു കയറിയത്. സൗമ്യയുടെ സർട്ടിഫിക്കറ്റുകളും ബാഗും വീടിനു പിറകിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. സമീപത്തെ തന്നെയുള്ള വീട്ടിൽ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 900 രൂപയും മോഷണം പോയി. വീട്ടുകാർ ഉണർന്നപ്പോൾ ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ സിസിടിവിയിൽ നിന്ന് രണ്ടുപേരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
പൊലീസിനെയും നിരീക്ഷണ കാമറകളെയും കബളിപ്പിക്കും
നഗരത്തിലും സമീപ പഞ്ചായത്തുകളിലും പൊലീസിന്റെ മൂക്കിന് താഴെ മോഷണങ്ങൾ തുടർക്കഥയാകുന്നു. നഗരത്തിൽ കോടികൾ ചിലവഴിച്ചു സ്ഥാപിച്ച കാമറകൾ ആകാശത്തേക്ക് നോക്കിയിരിക്കുന്നു എന്നാണ് ജനങ്ങളുടെ പരാതി. പൊലീസ് പെട്രോളിംഗ് കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.