ചങ്ങനാശേരി: എക്സൈസ് ഓഫീസിൽ ജീവനക്കാരുടെ കുറവ് മൂലം ദൈനംദിന കാര്യങ്ങൾ അവതാളത്തിൽ.16 ജീവനക്കാരാണ് ആകെ ഇവിടെയുള്ളത്. എന്നാൽ റേഞ്ച് ഓഫീസറും, സബ് ഇൻസ്പെക്ടറുമൊഴികെ ആകെ 4 പേരാണ് നിലവിൽ ഓഫീസിൽ എത്തുന്നത്. ഒരാൾ ജോലിക്ക് ഹാജരാകുന്നതേ ഇല്ല. നാലു വനിതകളിൽ രണ്ടു പേർ ട്രെയിനിംഗിലാണ്. ഒരുമാസം ശരാശരി 20 കേസുകൾ വരെ രജിസ്റ്റർ ചെയ്യുന്നുണ്ട്. കേസു കെട്ടുകളുമായി കോടതിയിൽ പോകുന്നതിന് തന്നെ ഒരാൾ ഡ്യൂട്ടിക്ക് വേണം. ഇതിനിടയിൽ ഫീൽഡിൽ പോകാൻ ജീവനക്കാരുടെ വലിയ കുറവാണ് നേരിടുന്നത്. കേസുകളുടെ എണ്ണം എല്ലാ മാസവും കൂടി വരികയാണ്. ഓഫീസിലെ ആവശ്യങ്ങൾ നടത്താൻ ഫണ്ടില്ലാത്തതും ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നു. ഫോട്ടോസ്റ്റാറ്റ്, ഡി.റ്റി.പി ഇവ ഓരോ ദിവസവും വലിയ തോതിൽ എടുക്കേണ്ടി വരുന്നു. ഇതിന്റെ ചിലവുകൾ ഉദ്യോഗസ്ഥർ തന്നെ സഹിക്കേണ്ടി വരുന്നു. വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പോക്കറ്റിൽ പണം വേണം. പെട്രോളിംഗ് നടത്തണമെങ്കിൽ ഉദ്യോഗസ്ഥരുടെ പോക്കറ്റിൽ പണം വേണം. ഒരുദിവസം കുറഞ്ഞത് അഞ്ചും ആറും പ്രാവശ്യം പെട്രോളിംഗിനും കേസ് അന്വേഷണത്തിനുമായി വാഹനങ്ങൾ ഓടണം. രണ്ടു ജീപ്പും, രണ്ടു സ്കൂട്ടറുമാണ് ഇപ്പോൾ ഉള്ളത്. പെട്രോൾ പമ്പുകളിൽ ഔദ്യോഗിക വാഹനങ്ങൾക്ക് ഇന്ധനം നിറച്ചതിന്റെ പണം കൊടുക്കാൻ ഉണ്ട്. ഇക്കാരണത്താൽ ഇനി കടം പറഞ്ഞ് പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാൻ സാധിക്കില്ല. മാത്രവുമല്ല വാഹനങ്ങൾക്ക് തകരാറുകൾ സംഭവിച്ചാലും സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ചിലവാക്കണം. കഴിഞ്ഞ മാസം ജീപ്പിന്റെ അറ്റകുറ്റപ്പണികൾക്കായ് 30000രൂപ ഉദ്യോഗസ്ഥർ തങ്ങളുടെ പോക്കറ്റിൽ നിന്നാണ് ചെലവഴിച്ചത്. ഓരോ ദിവസവും മുന്നോട്ട് പോകുമ്പോൾ ഈ ജോലിയോട് തന്നെ മടുപ്പ് തോന്നുന്നതായി ഉദ്യോഗസ്ഥരിൽ പലരും പറയുന്നു . ദാഹിച്ചാൽ വെള്ളം കുടിക്കണമെങ്കിൽ വെള്ളക്കരവും ഇവർ തന്നെ നൽകണം. എന്തു സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും ഒരു കാര്യവും മുടങ്ങാൻ പാടില്ലെന്നാണ് സർക്കാർ നിർദേശം. ജോലിയോടുള്ള ഉത്തരവാദിത്വം ഇവരെ ഇതിനെല്ലാം നിർബന്ധിതമാക്കുന്നു.