ചങ്ങനാശേരി: പെരുന്ന 2 നമ്പർ ബസ് സ്‌റ്റാൻഡിലെ മാലിന്യം നീക്കം ചെയ്യാത്ത നഗരസഭ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഇന്നലെ ചേർന്ന യോഗമാണ് ബഹിഷ്‌കരിച്ചത്. മാലിന്യം കാരണം സ്‌റ്റാൻഡിനുള്ളിലേക്ക് പൊതുജനങ്ങൾക്ക് കടന്നുവരാൻ പോലും കഴിയാത്ത സ്‌ഥിതിയാണെന്ന് വാർഡ് കൗൺസിലറും വികസനകാര്യ സ്‌ഥിരം സമിതി അദ്ധ്യക്ഷയുമായ കെ.എം. നജിയ ആരോപിച്ചു. നിരവധി തവണ കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചിട്ടും നഗരസഭ നടപടിയെടുത്തില്ല. സ്‌റ്റാൻഡിനുള്ളിലെ എയറോബിക് കമ്പോസ്‌റ്റിനു പുറത്ത് പ്ലാസ്‌റ്റിക് ഉൾപ്പെടെ കുന്നുകൂടി. ജൈവമാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കുന്നില്ലെന്നും. ഇതു കാരണം സമീപ പ്രദേശങ്ങളിൽ പകർച്ചവ്യാധി ഉൾപ്പടെ പടരുകയാണെന്നും നജിയ ആരോപിച്ചു. നഗരത്തിലെ മാലിന്യം മുഴുവൻ കൊണ്ടു തള്ളുന്നയിടമായി മാറിയെന്നും പറഞ്ഞു. തുടർന്ന് പ്രതിപക്ഷാംഗങ്ങളുടെ നേതൃത്വത്തിൽ ഇറങ്ങി പോകുകയായിരുന്നു. പെരുമാറ്റച്ചട്ടത്തിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് മാലിന്യം നീക്കം ചെയ്യാൻ ടെൻഡർ വിളിച്ചിട്ടുണ്ടെന്നും നഗരസഭാദ്ധ്യക്ഷ ബീനാ ജോബി, ഉപാദ്ധ്യക്ഷൻ മാത്യൂസ് ജോർജ് എന്നിവർ പറഞ്ഞു.