പാലാ: രാമപുരം മാർ ആഗസ്തിനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ കാസിൽദ മെഗാഷോ നാളെ വൈകിട്ട് 6 മുതൽ പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോളേജിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ധനശേഖരണാർത്ഥമാണ് മെഗാ ഷോ നടത്തുന്നത്.

കോളേജിലെ മ്യൂസിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ കമ്മ്യൂണിക്കേഷനുമായി സഹകരിച്ചാണ് നൃത്തസംഗീതനാടകാവിഷ്‌കാരമായ കാസിൽദ സംഘടിപ്പിക്കുന്നത്.

കോളേജ് വിദ്യാർത്ഥികളുടെ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഗാനമേളയ്ക്കും നൃത്തശില്പത്തിനും ശേഷം പാലാ കമ്മ്യൂണിക്കേഷൻസിന്റെ നാടകം ജീവിതം സാക്ഷി അരങ്ങേറും. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ മുഖ്യാതിഥിയായി പങ്കെടുക്കും. പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, പ്രകാശ് ജോസഫ് എന്നിവർ പങ്കെടുത്തു.