പാലാ: ഇടമറ്റം പൊൻമല കോട്ടേമാപ്പിലക കുടിവെള്ള പദ്ധതിയുടെ മോട്ടോറും പമ്പ് ഹൗസും തകർന്ന് കിണറ്റിലേയ്ക്ക് വീണ് കുടിവെള്ള വിതരണം പൂർണമായും നിലച്ചു. കനത്ത മഴയിൽ പമ്പ് ഹൗസും കിണറും തകർന്നതോടെ നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പാലാ മീനച്ചിൽ പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതികളിലൊന്നായ പൊൻമല കോട്ടേമാപ്പിലക കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും മോട്ടോറുമാണ് മണ്ണിടിഞ്ഞ് കിണറ്റിൽ പതിച്ചത്. പദ്ധതിയുടെ ചീങ്കല്ലേൽ സ്ഥാപിച്ചിരുന്ന മോട്ടോറും പമ്പ് ഹൗസും അടിത്തറയോടെ തകർന്ന് കിണറ്റിലേക്ക് വീണതോടെ പദ്ധതിയുടെ സ്രോതസ് പൂർണമായും തകർന്നു. കിണറിന്റെ മുകൾ ഭാഗം കൂടി തകർന്ന് കിണറ്റിലേക്ക് വിണതോടെ കുടിവെള്ള വിതരണം പൂർണമായും നിലച്ചിരിക്കുകയാണ്. ഇനി കുടിവെള്ള വിതരണം പുനരാരംഭിക്കണമെങ്കിൽ കിണർ വീണ്ടും മുകൾ ഭാഗം കോൺക്രീറ്റ് ചെയ്ത് സ്രോതസ് വൃത്തിയാക്കുകയും പമ്പ് ഹൗസും മോട്ടോറും പുനസ്ഥാപിക്കുകയും വേണം. അതത്ര എളുപ്പമല്ല.
കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയിൽ മണ്ണു കുതിർന്നാണ് മോട്ടോർ പുരയും കിണറിന്റെ മുകൾ ഭാഗവും ഉൾപ്പെടെ തകർന്നതെന്ന് കരുതുന്നു. ഉദ്ദേശം 4 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും സർക്കാർ സഹായമില്ലാതെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ പറ്റാത്ത സ്ഥിതാണെന്നും ഗുണഭോക്തൃസമിതി പ്രസിഡന്റ് തൊമ്മച്ചൻ വരകിൽ പറഞ്ഞു.
മറ്റത്തിൽ കോളനി മുതൽ തണ്ണിപ്പാറ, മുട്ടിയാനിക്കുന്ന്, മുകളേൽ പീടിക, പുലിക്കുന്ന് തുടങ്ങി കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലായി 90 ലേറെ ഗുണഭോക്താക്കളുടെ ഏക ആശ്രയമായിരുന്നു പൊൻമല കോട്ടേമാപ്പിലക കുടിവെള്ള പദ്ധതി. ഇതിൽ 65 ഓളം ഗുണഭോക്താക്കൾ സ്വന്തമായി കുടിവെള്ള സ്രോതസ് ഇല്ലാത്തതിനാൽ ഈ പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്.
അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണം
കിണറും പമ്പു ഹൗസും തകർന്ന് കുടിവെള്ള വിതരണം മുടങ്ങുന്നതോടെ പാവപ്പെട്ട നിരവധി കുടുംബങ്ങളുടെ കുടിവെള്ള ലഭ്യതയാണ് പൂർണമായും നിലച്ചത്. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായേ തീരൂ..
ജോഷി നെല്ലിക്കുന്നേൽ
കോൺഗ്രസ് പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറി
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഒഴിവായാൽ തുടർ നടപടി
പൂർണമായും തകർന്ന പൊൻമല കോട്ടേമാപ്പിലക കുടിവെള്ള പദ്ധതിയുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടം ഒഴിവായാൽ ഉടൻ അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്ന് മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പറഞ്ഞു