കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം തിരിച്ചുവരണമെന്ന് അഭിപ്രായപ്പെട്ടുള്ള വീക്ഷണം ദിനപത്രത്തിന്റെ മുഖപ്രസംഗം യു.ഡി.എഫിൽ കൂട്ടായി ചർച്ച ചെയ്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പ്രസ്താവിച്ചു.
യു.ഡി.എഫിൽ ചർച്ച ചെയ്യാത്ത വിഷയങ്ങളെക്കുറിച്ച് പൊതുവായ അഭിപ്രായ പ്രകടനം നടത്താൻ കേരള കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. യു.ഡി.എഫ് വിട്ടുപോയ ഏതെങ്കിലും പാർട്ടികൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം അവരുടെ നിലപാട് മാറ്റം ആണ് പ്രഖ്യാപിക്കേണ്ടത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷമുന്നണിയിലേക്ക് പോയതിനെ തള്ളിപ്പറഞ്ഞുകൊണ്ട് യു.ഡി.എഫിലേക്ക് തിരിച്ചുവരാൻ ആഗ്രഹ പ്രകടനം നടത്തുമ്പോൾ മാത്രമേ ഈ വിഷയം ചർച്ച ചെയ്യുന്നതിന് പ്രസക്തിയുളളൂവെന്നും അദ്ദേഹം പറഞ്ഞു.