ty

കോട്ടയം: പോത്തിൻകുട്ടികളെ കുറഞ്ഞവിലയ്ക്ക് കർഷകർക്ക് നൽകുന്ന സർക്കാർ പദ്ധതി പാളിയത് മദ്ധ്യകേരളത്തിൽ നാടൻ പോത്തിറച്ചിയുടെ ലഭ്യത ഇല്ലാതാക്കി. ഇത് വിപണിയിൽ മാട്ടിറച്ചിയുടെ വില ഉയരാനും കാരണമായി.

പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യ (എം.പി ഐ)​ വഴി കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് പോത്തിൻകുട്ടികളെ നൽകുമെന്നായിരുന്നു പ്രഖ്യാപനം. പോത്തിൻകുട്ടി പൂർണ വളർച്ചയെത്തുമ്പോൾ മാംസത്തിന്റെ തൂക്കത്തിനനുസരിച്ച് കർഷകർക്ക് വില നൽകി തിരിച്ചെടുക്കുമെന്നും പദ്ധതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു പോത്തിൻകുട്ടിയെ പോലും കർഷകർക്ക് നൽകാൻ എം.പി.ഐക്ക് കഴിഞ്ഞില്ല. പോത്തിൻകുട്ടികളെ വാങ്ങി മാംസ ആവശ്യത്തിന് വളർത്തുന്നത് മലയോരമേഖലയിലും കുട്ടനാട്ടിലുമെല്ലാം വ്യാപകമായിരുന്നു. വളർത്തി വലുതാക്കി അറവുകാർക്ക് നൽകുമ്പോൾ മികച്ച ലാഭവുമുണ്ടായിരുന്നു. എന്നാൽ പോത്തിൻകുട്ടിക്ക് വില 12000 രൂപ വരെ വർദ്ധിച്ചതും കാലിത്തീറ്റ വില ഉയർന്നതും സംരക്ഷണ ചെലവ് ഇരട്ടിയാക്കി. ചെലവ് കൂടി വരവ് കുറഞ്ഞതോടെ ഭൂരിപക്ഷം കർഷകരും പോത്തുവളർത്തൽ നിറുത്തി. ഈ സാഹചര്യത്തിലാണ് സർക്കാർ പോത്തിൻകുട്ടി വളർത്തൽ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി മുടങ്ങിയത് വലിയയൊരു വിഭാഗം കർഷകർക്ക് തിരിച്ചടിയായി.

വിപണിയിൽ കിട്ടുക കാളയിറച്ചി

നാടൻ പോത്തിറച്ചിയെന്ന പേരിൽ പലപ്പോഴും കാളയിറച്ചിയാണ് അറവുശാലകളിൽ നിന്ന് ലഭിക്കുന്നത്. കറവ വറ്റിയ പശുക്കളെ അറക്കുന്നതും വ്യാപകമാണ്. സർക്കാർ നിയന്ത്രണങ്ങൾ വന്നതോടെ കശാപ്പുകേന്ദ്രങ്ങളും നാട്ടിൻപുറത്തെ വില്പന ശാലകളും കുറഞ്ഞു. എം.പി.ഐ സ്മാറ്റാളുകളും കുറവാണ്. എം.പി.ഐ സ്മാറ്റാളുകളിൽ ഇറച്ചിക്ക് വില കൂടുതലായതും സാധാരണക്കാരെ അകറ്റുന്നു.

നാടൻ പോത്തിറച്ചി ലഭ്യമാക്കാൻ

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യമുള്ള പോത്തിൻ കുട്ടികളെ കർഷകർക്ക് സബ് സിഡി നിരക്കിൽ നൽകണം.

കൊയ്തു കഴിഞ്ഞ പാടങ്ങളിൽ കുറഞ്ഞ ചെലവിൽ പോത്തു വളർത്താം. ഇതിനാവശ്യമായ സഹായം കൃഷി വകുപ്പു കർഷകർക്ക് നൽകണം.

എബി ഐപ്പ് (കർഷക കോൺഗ്രസ്, ജില്ലാ സെക്രട്ടറി)​