എലിക്കുളം: ഒരു നാടിന്റെ കാർഷകസമൃദ്ധിക്ക് കരുത്തുപകരുന്ന സംരംഭം. എലിക്കുളം നാട്ടുചന്തയെന്നാൽ കർഷകന് ആശ്രയവും
നാടിന് അനുഗ്രഹവുമാണ്... വിജയത്തിന്റെ ആറാം വർഷത്തിലേക്ക് കുതിക്കുകയാണ് എലിക്കുളം നാട്ടുചന്ത.
ഗ്രാമീണ കർഷകരുടെ ഒത്തൊരുമയിൽ കുരുവിക്കൂട് കേന്ദ്രമാക്കിയാണ് നാട്ടുചന്തയുടെ പ്രവർത്തനം. 2019 മേയിൽ എലിക്കുളം, കുരുവിക്കൂട്, ഉരുളികുന്നം, പാമ്പോലി, ഏഴാംമൈൽ, കാരക്കുളം, മല്ലികശ്ശേരി എന്നിവിടങ്ങളിലെ കർഷകരുടെ കൂട്ടായ്മയിലായിരുന്നു നാട്ടുചന്തയുടെ പിറവി. ഇടനിലക്കാരില്ലാതെ കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന നാട്ടുചന്ത എല്ലാ വ്യാഴാഴ്ചയുമാണ് പ്രവർത്തിക്കുന്നത്. എലിക്കുളം പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ തളിർ പച്ചക്കറി ഉത്പാദക സംഘമാണ് നാട്ടുചന്തയുടെ നടത്തിപ്പ്. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് രക്ഷാധികാരിയായ സംഘാടകസമിതിയുടെ പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ, രാജു അമ്പലത്തറ, വിൽസൺ പാമ്പൂരി, ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹനകുമാർ കുന്നപ്പള്ളി കരോട്ട് തുടങ്ങിയവരാണ് നാട്ടുചന്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
നാട്ടുചന്തയിൽ എന്തൊക്കെ
നാടൻ പച്ചക്കറികൾ, വാഴക്കുലകൾ, നടീൽവസ്തുക്കൾ, വീട്ടിൽ വളർത്തുന്ന നാൽക്കാലികൾ, കോഴി, കാട, താറാവ്, ഗിരിരാജൻകോഴി, മീൻ, മൂല്യവർധിത ഉത്പന്നങ്ങൾ, നെയ്യ്, മുട്ട, തൈര്, നാടൻ കറിക്കൂട്ടുകൾ, കാപ്പുകയം പാടശേഖരത്തിലെ എലിക്കുളം റൈസ് എന്നിവയുടെ വിപണിയാണിപ്പോൾ നാട്ടുചന്ത.