harsha

പാലാ: നമ്പൂതിരി സമുദായത്തിൽപ്പെട്ട സ്ത്രീകൾ ആരും തന്നെ കടന്നു ചെല്ലാത്ത മോഡലിംഗ് രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൊയ്‌തെടുത്ത് കിടങ്ങൂരിന്റെ സ്വന്തം ഹർഷ ശ്രീകാന്ത്. കഴിഞ്ഞ ദിവസം എറണാകുളം ലെ മെറിഡിയനിൽ നടന്ന സൗന്ദര്യമത്സരത്തിൽ ഇരുപത്തിരണ്ടുകാരിയായ ഹർഷ ശ്രീകാന്ത് മിസ് ക്വീൻ ഓഫ് ഇന്ത്യ കിരീടം ചൂടി.

പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ശേഷം അന്തിമ റൗണ്ടിലെത്തിയ 10 സുന്ദരിമാരിൽ ഒന്നാം സ്ഥാനം ഹർഷ ശ്രീകാന്ത് കരസ്ഥമാക്കുകയായിരുന്നു. മിസ്‌ടെനീഷ്യസ് എന്ന സബ്‌ടൈറ്റിലിനും ഹർഷ അർഹയായി. ഫൈനൽ റൗണ്ടിൽ ട്രഡീഷണൽ വെയർ, വെസ്റ്റേൺ വെയർ, ഈവനിംഗ് വെയർ ഇനങ്ങളിൽ മത്സരാർത്ഥികളുടെ പെർഫോമൻസ് വിലയിരുത്തിയാണ് ജഡ്ജിംഗ് പാനൽ മിസ് ക്വീൻ ഓഫ് ഇന്ത്യ ആയി ഹർഷ ശ്രീകാന്തിനെ തിരഞ്ഞെടുത്തത്.

കിടങ്ങൂർ കട്ടച്ചിറ പുഴയോരം റോഡിൽ മലമേൽ ഇല്ലത്ത് ശ്രീകാന്ത് സീമ ദമ്പതിമാരുടെ മകളായ ഹർഷ ചെന്നൈ എസ്.ആർ.എം. കോളേജിൽ ജേണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥിനിയാണ്. 2023ൽ ഹർഷ മിസ് സൗത്ത് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ലുലു ബ്യൂട്ടി ക്വീൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഹർഷ 2023ലെ മിനിസ്‌ക്രീൻ കേരള മത്സരത്തിൽ റണ്ണറപ്പ് ആയിരുന്നു.

ഹർഷയ്ക്ക് ജൻമനാട്ടിൽ സ്വീകരണം

സൗന്ദര്യ റാണി പട്ടം നേടിയ ഹർഷയ്ക്ക് ജൻമനാടായ കിടങ്ങൂരിലെ ജനങ്ങൾ ഇന്നലെ ഊഷ്മളമായ സ്വീകരണം നൽകി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാട്ടുകാർ മലമേൽ ഇല്ലം വരെ ഹർഷയെ സ്വീകരിച്ചാനയിച്ചു. പുഴയോരം റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.