കുറുമാപ്പുറം: ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിൽ ഭാഗവത് സപ്താഹവും നരസിംഹജയന്തി ആഘോഷവും 19 മുതൽ 26 വരെ നടക്കും. ഡോ. പളിക്കൽ സുനിലാണ് യജ്ഞാചാര്യൻ. 19ന് വൈകുന്നേരം 5ന് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും യജ്ഞവേദിയിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിഗ്രഹ വിളംബര ഘോഷയാത്ര ആരംഭിക്കും. തുടർന്ന് കാപ്പുംതല ജംഗ്ഷനിൽ നിന്നും താലപ്പൊലിയോടെ ഘോഷയാത്ര ക്ഷേത്രാങ്കണത്തിലെത്തും. വിഗ്രഹപ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും മള്ളിയൂർ ദിവാകരൻ നമ്പൂതിരി നിർവഹിക്കും. തുടർന്ന് 26 വരെ എല്ലാ ദിവസങ്ങളിലും ഭാഗവതപാരായണവും പ്രഭാഷണവും മറ്റു ചടങ്ങുകളും ഉണ്ടായിരിക്കും. 22ന് നരസിംഹ ജയന്തി ആഘോഷം വിശേഷാൽ പൂജകളോടെ നടക്കും.