വേനൽ ചതിച്ചു, സംഭരണവും പാളി
കോട്ടയം: അപ്പർകുട്ടനാടൻ മേഖലയിൽ രണ്ടാം കൃഷിയുടെ പൂർത്തിയായപ്പോൾ നെൽകർഷകർ നഷ്ടം മാത്രം. കനത്തചൂടിനെ തുടർന്ന് നെല്ല് ഉത്പാദനത്തിൽ മുൻ വർഷത്തേക്കാൾ മൂന്നിലൊന്ന് ഇടിവുണ്ടായി കർഷകർ പറയുന്നു. ഏക്കറിന് 25 മുതൽ 30 ക്വിന്റൽ വരെ വിളവ് ലഭിച്ചിരുന്ന പാടശേഖരങ്ങളിൽ 10 മുതൽ 15 ക്വിന്റൽ വരെയായി കുറഞ്ഞു. ചില പാടങ്ങളിൽ വിളവ് അഞ്ചു ക്വിന്റൽ മാത്രമായി. മുടക്കുമുതൽ തിരിച്ചുകിട്ടണമെങ്കിൽ 20 ക്വിന്റലെങ്കിലും വിളവ് വേണ്ട സാഹചര്യത്തിൽ രണ്ടാം കൃഷി കർഷകന് നഷ്ടകൃഷിയായി മാറി. സപ്ലൈകോ 2022-23ൽ ഒന്നാം കൃഷിയിൽ 226619 മെട്രിക് ടൺ നെല്ലും രണ്ടാം കൃഷിയിൽ 504563 മെട്രിക് ടൺ നെല്ലും സംഭരിച്ചപ്പോൾ 2023-24ൽ ഒന്നാം വിള സംഭരണം 153862 മെട്രിക് ടണ്ണും രണ്ടാം വിള സംഭരണം 345906 മെട്രിക്ക് ടണ്ണുമായി കുറഞ്ഞു. കുട്ടനാട്ടിൽ 2022-23ൽ ഉത്പാദനം 16910603 മെട്രിക് ടണ്ണായിരുന്നത് 2023-24ൽ 148512 മെട്രിക് ടണ്ണായി കുറഞ്ഞിരുന്നു.
ഇരട്ടിപ്രഹരം
പാടം പാട്ടത്തിനെടുത്ത കർഷകർക്കാണ് ഇരട്ടിപ്രഹരം. ഏക്കറിന് 25000 രൂപ പാട്ടം കൊടുക്കണം. വിളവ് മൂന്നിലൊന്നായതോടെ പാട്ടതുക നൽകാൻ കടം വാങ്ങേണ്ട സ്ഥിതിയായി.
2022-23ൽ സംഭരിച്ചത്: 7,31,182 മെട്രിക് ടൺ
ഈ വർഷം രണ്ടാം കൃഷിയിൽ ലഭിച്ചത്: 4,99,768 ടൺ
നെല്ല് ഇപ്പോഴും കെട്ടിക്കിടക്കുന്നു
തിരുവാർപ്പ്, മാടേക്കൽ, അയ്മനം, പരിപ്പ്,കല്ലറ, പെരുന്തുരുത്ത്, നാട്ടകം തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ടൺ കണക്കിന് നെല്ല് സംഭരിക്കാതെ പാടത്തു കെട്ടിക്കിടക്കുകയാണ്. പടുതയിട്ടു മൂടിയാലും മഴയിൽ നെല്ല് നശിക്കാൻ സാധ്യത ഏറെയാണ്. ഈർപ്പം കൂടുതലെന്നു പറഞ്ഞു വില കുറയ്ക്കാനുള്ള മില്ലുകാരുടെ തന്ത്രത്തിന്റെ ഭാഗമാണിതെന്ന പരാതിയാണ് പാടശേഖരസമിതിക്കുള്ളത്. ഈ നെല്ല് ഇനി സംഭരിച്ചാൽ എന്നു പണം കിട്ടുമെന്ന കർഷകരുടെ ചോദ്യത്തിനും ബന്ധപ്പെട്ടവർക്ക് ഉത്തരമില്ല.
നെല്ല് നശിക്കാതെ അടിയന്തിരമായി സംരക്ഷിക്കാൻ സർക്കാരും കൃഷിവകുപ്പും സപ്ലൈകോയും തയാറാകണം. അല്ലെങ്കിൽ അടുത്ത കൃഷി ഉപേക്ഷിക്കേണ്ടിവരും
എം.എ.കുഞ്ഞുമോൻ (പാടശേഖരസമിതി പ്രസിഡന്റ് )