dd

കോട്ടയം: പേരൊന്ന് നീട്ടിവിളിച്ചാൽ... 'രാമൻ' പറന്ന് ഷാജിയുടെ തോളത്തിരിക്കും. കൈയിലെ ഭക്ഷണത്തുണ്ട് കൊത്തിത്തിന്നും. കവിളിലും തോളിലും ചെവിയിലും മുടിയിഴകളിലുമൊക്കെ കൊക്കുരുമ്മി സ്നേഹം പ്രകടിപ്പിക്കും. കഴിഞ്ഞ പുതുവത്സരദിനത്തിൽ ലഭിച്ച കാക്കക്കുഞ്ഞിനോട് ഷാജി കാട്ടിയ കാരുണ്യമാണ് അപൂർവ സ്നേഹബന്ധമായി വളർന്നത്.

സ്വന്തം താറാവുകടയുടെ അരികിലെ മരച്ചോട്ടിൽ നിന്ന് ജനുവരി ഒന്നിനാണ് വൈക്കം പെരുന്തുരുത്ത് വാക്കേപ്പറമ്പിൽ ഷാജി പൗലോസിന് കുഞ്ഞിക്കാക്കയെ കിട്ടിയത്. രാവിലെ കൂട്ടിൽ നിന്ന് താഴെ വീണ കാക്കക്കുഞ്ഞ് വൈകിട്ടും പറക്കാൻ കഴിയാതെ കിടന്നതോടെ ഒപ്പംകൂട്ടി. പെരുന്തുരുത്ത് പാലത്തിന് സമീപത്തെ താറാവുകടയിൽ പെട്ടികൊണ്ട് ചെറിയൊരു കൂടൊരുക്കി സംരക്ഷിച്ചു. ഒരാഴ്ചയോളം വെള്ളവും തീറ്റയും കൊടുത്തു. രാമനെന്ന് പേരുമിട്ടു. പിന്നീട് കടയ്ക്കുള്ളിൽ കമ്പ് കെട്ടി അതിലിരുത്തി. പറക്കമുറ്റിയതോടെ കടയ്ക്ക് ചുറ്റുമുള്ള മരച്ചില്ലകളിൽ രാമൻ ചിറകടിച്ചുകയറി.

രാവിലെ പത്തോടെ കടയിലെത്തുന്ന ഷാജിയുടെ നിഴലനക്കം കണ്ടാൽ രാമൻ പറന്നെത്തും. ചോറും മ‌ഞ്ഞപ്പൊടിയിട്ട് വേവിച്ച മീനും രാമന് ഷാജി നൽകും. കൈയിലും തലയിലും കയറിയിറങ്ങുമ്പോൾ പോക്കറ്റിൽ താക്കോലോ നോട്ടോ ഉണ്ടെങ്കിൽ കൊത്തിയെടുത്ത് പറക്കും. പുറത്തേയ്ക്ക് ഇറങ്ങാൻ ഷാജി ബൈക്കിൽ കയറിയാൽ തോളിലോ ബൈക്കിന്റെ ഹാൻഡിലിലോ രാമനും കയറിപ്പറ്റും. ഷാജിയുടെയും രാമന്റെയും അപൂർവസൗഹൃദം കാണാൻ ആളുകളുമെത്തുന്നുണ്ടിവിടെ. ഷാജിയുടെ ഭാര്യ മിനിയുമായും രാമൻ ചങ്ങാത്തത്തിലാണ്. കടയിലെത്തുന്നവരോടും മറ്റ് കാക്കകളുമായും അടുപ്പമില്ല. ഷാജിയാണ് രാമന്റെ ഒരേയൊരു കൂട്ടുകാരൻ.